ഹവാന: ക്യൂബന്‍ വിപ്ലവ നേതാവ് ഫിഡല്‍ കാസ്‌ട്രോ (90) അന്തരിച്ചു. ഏറെ നാളായി ചികിത്സയിലായിരുന്നു. സഹോദരനും ക്യൂബന്‍ പ്രസിഡന്റുമായ റൗള്‍ കാസ്‌ട്രോയാണ് ഫിഡലിന്റെ മരണവിവരം പുറത്തുവിട്ടത്. ക്യൂബന്‍ സമയം ശനിയാഴ്ചയാകും സംസ്‌കാരച്ചടങ്ങുകളെന്ന് സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ടു ചെയ്തു.
കമ്യൂണിസ്റ്റ് വിപ്ലവകാരിയും പതിറ്റാണ്ടുകളോളം ക്യൂബയുടെ ഭരണത്തലവനുമായിരുന്ന ഫിഡല്‍ 1926 ഓഗസ്റ്റ് 13-നാണ് ജനിച്ചത്. ആറുവട്ടം ക്യൂബയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടയാളാണ് ഫിഡല്‍ കാസ്‌ട്രോ.
ക്യൂബയുടെ കണക്കു പ്രകാരം 1958നും 2000 നുമിടയില്‍ 634 വട്ടം അമേരിക്ക ഫിഡല്‍ കാസ്‌ട്രോയെ വധിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ക്യൂബന്‍ വിപ്ലവത്തിനുശേഷം 1959ല്‍ അധികാരത്തിലെത്തിയ ഫിഡല്‍ കാസ്‌ട്രോ രോഗബാധിതനായതിനെത്തുടര്‍ന്നു എട്ടു വര്‍ഷം മുന്‍പ് അനുജന്‍ റൗള്‍ കാസ്‌ട്രോയെ ചുമതലയേല്‍പ്പിച്ചിട്ടാണ് അധികാരം വിട്ടത്.
ലോകചരിത്രത്തില്‍ ഭരണകാലാവധിയില്‍ ഒന്നാംസ്ഥാനം ഇപ്പോഴും ഫിഡല്‍ കാസ്ട്രോയ്ക്കാണ്. 1959 ഫെബ്രുവരി 16 മുതല്‍ 2008 ഫെബ്രുവരി 24 വരെയായി 49 വര്‍ഷവും എട്ടുദിവസവുമാണു കാസ്ട്രോ രാഷ്ട്രത്തലവനായിരുന്നത്. ഏകാധിപതിയായിരുന്ന ബാറ്റിസ്റ്റയെ തുരത്തി ഭരണമേറ്റെടുത്ത കാസ്ട്രോ 49 വര്‍ഷം അധികാരത്തില്‍ തുടര്‍ന്നു.
ക്യൂബന്‍ വിപ്ലവത്തിനു ശേഷം വിവിധ സോഷ്യലിസ്റ്റ് – വിപ്ലവ പ്രസ്ഥാനങ്ങള്‍ ലയിച്ച് 1965ല്‍ ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചതു മുതല്‍ ഫിഡല്‍ കാസ്ട്രോ ആയിരുന്നു ഫസ്റ്റ് സെക്രട്ടറി. 2011 ലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തലപ്പത്തുനിന്ന് കാസ്‌ട്രോ പടിയിറങ്ങുന്നത്.
Discussion about this post