മലപ്പുറം: നിലമ്പൂര്‍ വനമേഖലയില്‍ മാവോയിസ്റ്റുകളുമായി ഉണ്ടായ ഏറ്റുമുട്ടല്‍ വ്യാജമല്ലെന്ന് പൊലീസ്. പട്രോളിംഗിനിടയ്ക്കാണ് മാവോയിസ്റ്റ് സംഘത്തെ കണ്ടതെന്നും മലപ്പുറം എസ്പി ദേബേഷ് കുമാര്‍ ബെഹ്റ പറഞ്ഞു.
പട്രോളിംഗിനിടയ്ക്ക് മാവോയിസ്റ്റുകളെ കാണാന്‍ സാദ്ധ്യതയുണ്ട്. എന്നാല്‍ വെടിവെയ്പ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുണ്ടക്കടവില്‍ നേരത്തെയുണ്ടായ വെടിവെയ്പിന്റെ അനുഭവം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഏറ്റുമുട്ടല്‍ വ്യാജമാണെന്ന ആരോപണം ശക്തമായിരിക്കെയാണ് ഇത് നിഷേധിച്ച് പൊലീസ് രംഗത്തെത്തിയത്. സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ആദ്യ പ്രതികരണമാണിത്.
നേരത്തെ സിപിഐ ഉള്‍പ്പെടെയുളള കക്ഷികള്‍ ഏറ്റുമുട്ടലിനെതിരേ പരസ്യമായി രംഗത്തെത്തിയിരുന്നു. കേരളത്തിലെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നിലവില്‍ നേതൃത്വം നല്‍കിയിരുന്ന കുപ്പു ദേവരാജ്, കാവേരി എന്ന് വിളിക്കുന്ന അജിത എന്നിവരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. നിലമ്പൂര്‍ പടുക്ക ഫോറസ്റ്റ് ഓഫീസ് മേഖലയിലായിരുന്നു സംഭവം. കൊല്ലപ്പെട്ടുകിടക്കുന്നവരുടെ ചിത്രങ്ങളും ഇന്നലെ പുറത്തുവന്നിരുന്നു.
മാവോയിസ്റ്റുകള്‍ താമസിച്ചിരുന്ന ടെന്റുകളില്‍ നിന്നും നിരവധി ഉപകരണങ്ങളും നിത്യോപയോഗ വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. ഒരു റിവോള്‍വറും ലാപ്ടോപ്പുകളും ഐപാഡും 36 പെന്‍ഡ്രൈവുകളും കൂട്ടത്തിലുണ്ട്. അഞ്ചുലക്ഷം രൂപയും ലഭിച്ചു. നിരവധി ജീവന്‍രക്ഷാ മരുന്നുകളുമുണ്ടായിരുന്നു. സംഘത്തില്‍ ഡോക്ടറോ അല്ലെങ്കില്‍ മെഡിക്കല്‍ രംഗത്തെക്കുറിച്ച് അറിവുളളവരോ ഉള്ളതായും പോലീസ് സംശയിക്കുന്നുണ്ട്.
ഏറ്റുമുട്ടലിനൊടുവില്‍ സംഘത്തിലെ ബാക്കിയുണ്ടായിരുന്നവര്‍ ഉള്‍വനത്തിലേക്ക് രക്ഷപെടുകയായിരുന്നു. ഇവര്‍ക്കായി പൊലീസ് നിലമ്പൂര്‍ വനത്തിലും അട്ടപ്പാടി വനത്തിലും തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
Discussion about this post