തിരുവനന്തപുരം: നിലമ്പൂര്‍ മാവോയിസ്റ്റ് വേട്ടയിലെ ദുരൂഹത നീക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മുഖ്യമന്ത്രി പ്രഖ്യാപിച്ച മജിസ്ട്രേറ്റ്തല അന്വേഷണം പര്യാപ്തമല്ല. ഏറ്റുമുട്ടലിലാണ് രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതെന്ന പോലിസ് ഭാഷ്യത്തിന് വിശ്വസ്തത പോര. സര്‍ക്കാരാണെങ്കില്‍ നിശ്ശബ്ദതപാലിക്കുകയാണെന്നും കുമ്മനം ചൂണ്ടിക്കാട്ടി.
കരുളായിമാലയില്‍ നിന്ന് ഒരു മാവോയിസ്റ്റിനെയും പിടികൂടാന്‍ കഴിഞ്ഞില്ലെന്നതും ഗൗരവമുള്ളതാണെന്ന് കുമ്മനം പറഞ്ഞു. കൊല്ലും കൊലയും നടത്തുന്ന മാവോയിസ്റ്റുകളുടെ കിരാത പ്രവര്‍ത്തനത്തെ ന്യായീകരിക്കാന്‍ കഴിയില്ല. അത്തരക്കാരെ നിയമപരമായും കര്‍ശനമായും നേരിടണം. കൊടും കുറ്റവാളി കസബിനെയും പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്സല്‍ ഗുരുവിനെയും വധശിക്ഷക്ക് വിധിച്ചപ്പോള്‍ അതിനെതിരെ മുന്നോട്ടിറങ്ങിയവര്‍ കരുളായി മലയിലെ വധത്തെക്കുറിച്ച് മൗനം പാലിക്കുന്നത് വിചിത്രമാണെന്ന് കുമ്മനം ചൂണ്ടിക്കാട്ടി.
എറണാകുളം പനായിക്കുളത്തും വാഗമണ്ണിലും കണ്ണൂരിലെ കനകമലയിലും മതഭീകരപ്രവര്‍ത്തകരെ പിടികൂടിയെങ്കിലും സംസ്ഥാനസര്‍ക്കാരുകള്‍ അവരെ സല്‍ക്കരിച്ച് വിട്ടയക്കുന്നതാണ് അനുഭവം. അങ്ങനെ വിട്ടയക്കപ്പെട്ടവരാണ് പിന്നീട് രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ സ്ഫോടനങ്ങളും ഭീകരപ്രവര്‍ത്തനങ്ങളും നടത്തിയിട്ടുള്ളതെന്ന് വ്യകതമായിട്ടുണ്ട്. ചിലരോട് മൃദുസമീപനം സ്വീകരിക്കുന്നതും മറ്റുചിലരെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്നതും സര്‍ക്കാരിന്റെ ഇരട്ടമുഖമാണ് കാട്ടിത്തരുന്നതെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.
Discussion about this post