പാലക്കാട്: വാളയാര്‍ മേഖലയില്‍ കാട്ടാനകള്‍ റയില്‍വെ ട്രാക്ക് മുറിച്ചുകടക്കുന്നത് തടയാന്‍ പഴയ റെയില്‍ പാളങ്ങള്‍കൊണ്ട് ശക്തമായ വേലി സ്ഥാപിക്കും. ആദ്യ ഘട്ടത്തില്‍ ആറ് കി.മീ നീളത്തിലാണ് വേലി സ്ഥാപിക്കുക. മലമ്പുഴ നിയോജക മണ്ഡലത്തിലെ പദ്ധതി പുരോഗതികള്‍ വിലയിരുത്താന്‍ ഭരണപരിഷ്‌ക്കരണ കമ്മീഷന്‍ ചെയര്‍മാനും സ്ഥലം എം.എല്‍.എയുമായ വി.എസ് അച്ചുതാനന്ദന്‍ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ പാലക്കാട് ഡി.എഫ്.ഒ കെ.കാര്‍ത്തികേയനാണ് ഇക്കാര്യം അറിയിച്ചത്.
കഞ്ചിക്കോട് മേഖലയില്‍ സ്വകാര്യ വ്യവസായ സ്ഥാപനങ്ങളില്‍ കര്‍ശന പരിശോധന നടത്താന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് വി.എസ് അച്ചുതാനന്ദന്‍ നിര്‍ദേശം നല്‍കി. നിയന്ത്രണം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. മണ്ഡലത്തിലെ ജലക്ഷാമം നേരിടുന്ന ആദിവാസി മേഖലകളില്‍ സമഗ്ര കുടിവെള്ള പദ്ധതിയുടെ ഭാഗമായി കുടിവെള്ളം എത്തിക്കണം.അകത്തേത്തറ നടക്കാവ് റെയില്‍വെ മേല്‍പ്പാലം വേഗത്തില്‍ പണി പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് തുറന്നുകൊടുക്കാന്‍ റോഡ്‌സ് ആന്‍ഡ് ബ്രിജസ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടു.
Discussion about this post