ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ നില അതീവ ഗുരുതരമാണെന്ന് അപ്പോളോ ആശുപത്രി അധികൃതര്‍ അറിയിച്ചു. രാത്രി വൈകി ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് മുഖ്യമന്ത്രിയുടെ ആരോഗ്യനിലയെക്കുറിച്ച് ആശുപത്രി അധികൃതര്‍ പ്രതികരിച്ചത്. തൊലിപ്പുറത്ത് ഘടിപ്പിച്ചിട്ടുളള ഡിവൈസിന്റെ സഹായത്തോടെ ഹൃദയത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കാനുളള ശ്രമമാണ് നടക്കുന്നതെന്നും തീവ്രപരിചരണ വിദഗ്ധരായ ഡോക്ടര്‍മാരാണ് ഇപ്പോള്‍ മുഖ്യമന്ത്രിയെ പരിശോധിക്കുന്നതെന്നും ട്വിറ്ററിലൂടെ ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
അടുത്തിടെ ജയലളിത ഗുരുതരാവസ്ഥയിലായപ്പോള്‍ ചികിത്സയ്ക്ക് മേല്‍നോട്ടം വഹിച്ച യുകെയിലെ തീവ്രപരിചരണ വിദഗ്ധനായ ഡോക്ടര്‍ റിച്ചാര്‍ഡ് ബെയ്ലിയെ ബന്ധപ്പെട്ടതായും അദ്ദേഹത്തിന്റെ നിര്‍ദ്ദേശവും സ്വീകരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ആശുപത്രിയുടെ പുറത്തും പരിസരത്തും ആശുപത്രിയിലേക്കുളള വഴികളിലും എഐഎഡിഎംകെ അനുയായികള്‍ വന്‍തോതില്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ജനക്കൂട്ടത്തെ നിയന്ത്രിക്കാനായി ആശുപത്രിയിലേക്കുളള വഴികള്‍ പൊലീസ് അടച്ചു. കൂടുതല്‍ പൊലീസിനെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. അതിനിടെ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദ അപ്പോളോ ആശുപത്രി ചെയര്‍മാനുമായി ചര്‍ച്ച നടത്തി. ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് തമിഴ്നാട് ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവുവിനെ ബന്ധപ്പെട്ട് സ്ഥിതി ആരാഞ്ഞു.
മന്ത്രിമാരടക്കമുളള മുതിര്‍ന്ന എഐഎഡിഎംകെ നേതാക്കള്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. ഭവനമന്ത്രി ഉദുമലൈ രാധാകൃഷ്ണന്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രി എടപ്പാടി കെ. പളനിസ്വാമി, വൈദ്യുതി മന്ത്രി പി. തങ്കമണി, ഗതാഗത മന്ത്രി എം.ആര്‍ വിജയ ഭാസ്‌കര്‍ തുടങ്ങിയവര്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ആരോഗ്യനില മോശമായതോടെ സ്ഥിതി ചര്‍ച്ച ചെയ്യാന്‍ അടിയന്തര മന്ത്രിസഭായോഗവും ആശുപത്രിയില്‍ ചേര്‍ന്നു.
Discussion about this post