ചെന്നൈ: തമിഴകത്തിന്റെ തലൈവി മുഖ്യമന്ത്രി ജെ. ജയലളിത (68) അന്തരിച്ചു. സെപ്റ്റംബര്‍ 22ന് ആശുപത്രിയില്‍ പ്രവേശിച്ച ജയയുടെ അന്ത്യം തിങ്കളാഴ്ച അര്‍ധരാത്രിയാണ് അപ്പോളോ ആശുപത്രി സ്ഥിരീകരിച്ചത്.
ചലച്ചിത്രലോകത്തു രണ്ടു ദശകത്തോളം തിളങ്ങിയ ജയലളിത ജയറാം അവിവാഹിതയായിരുന്നു. അഞ്ചു തവണ തമിഴ്‌നാട് മുഖ്യമന്ത്രിയായ അവര്‍ തമിഴകത്തിന് അമ്മയും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു പുരട്ചി തലൈവിയും ആയിരുന്നു. എം.ജി. രാമചന്ദ്രന്റെ ഇഷ്ടക്കാരിയായിരുന്ന ജയലളിത അദ്ദേഹത്തിന്റെ മരണശേഷം ഏറെ പോരടിച്ചാണു പാര്‍ട്ടി സ്വന്തമാക്കിയത്.
ദിവസങ്ങളായി ജയലളിത യുടെ മരണത്തെപ്പറ്റി അഭ്യൂഹങ്ങളുയര്‍ന്നിരുന്നു. ഞായറാഴ്ച വൈകുന്നേരം ഹൃദയസ്തംഭനം ഉണ്ടായതോടെ അഭ്യൂഹം ശക്തമായി. തുടര്‍ന്നു ഹൃദയപ്രവര്‍ത്തനം നടത്തുന്ന ഇസിഎംഒ സംവിധാനത്തില്‍ ജീവന്‍ നിലനിര്‍ത്തുകയായിരുന്നു. ലണ്ടനില്‍നിന്നു ഡോ. റിച്ചാര്‍ഡ് ബെയ്‌ലിയും ഡല്‍ഹിയില്‍നിന്ന് എഐഐഎംഎസിലെ വിദഗ്ധരും ഇന്നലെ ആശുപത്രിയിലെത്തി. പിന്‍ഗാമിയായി ധനമന്ത്രി ഒ. പനീര്‍ശെല്‍വം അര്‍ധരാത്രി ഗവര്‍ണറുടെ മുമ്പാകെ സത്യപ്ര തിജ്ഞ ചെയ്തു സ്ഥാനമേറ്റു.
ജയലളിത ചികിത്സയില്‍ കഴിഞ്ഞ ചെന്നൈ അപ്പോളോ ആശുപത്രി പരിസരത്തു പതിനായിരങ്ങളാണു ഇന്നലെ തടിച്ചുകൂടിയിരുന്നത്. ധനമന്ത്രി ഒ. പനീര്‍ശെല്‍വം 11.25 ഓടെ അപ്പോളോയില്‍നിന്നു പുറപ്പെട്ടു റോയപ്പേട്ടയിലെ പാര്‍ട്ടി ആസ്ഥാനത്ത് എത്തി. താമസിയാതെ സ്പീക്കര്‍ നടരാജന്‍ ഗവര്‍ണര്‍ സി. വി ദ്യാസാഗര്‍ റാവുവിനെ സന്ദര്‍ശി ച്ചു. അണ്ണാ ഡിഎംകെ നിയ മസഭാ കക്ഷിനേതാവായി പനീര്‍ശെല്‍വത്തെ തെരഞ്ഞെടുത്തെന്നും മുഖ്യമന്ത്രിയായി അദ്ദേഹത്തെ സത്യപ്രതിജ്ഞ ചെയ്യിക്കണമെന്നും അഭ്യര്‍ഥിച്ചു.
മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് ഷീലാ ബാലകൃഷ്ണന്‍ പിന്നീട് വാഹനവ്യൂഹത്തോടൊപ്പം ആശുപത്രിവിട്ടു. അതിനു മുമ്പേ പോലീസ് ഡയറക്ടര്‍ ജനറല്‍ പോയസ് ഗാര്‍ഡനില്‍ എത്തിയിരുന്നു. അപ്പോളോ ആശുപത്രി മുതല്‍ പോയസ് ഗാര്‍ഡന്‍ വരെയുള്ള വഴി പോലീസ് ബന്തവസിലാക്കി.
രാത്രി 11.45 ഓടെ ജയയുടെ വിശ്വസ്ത ശശികല നടരാജന്‍ ആശുപത്രി വിട്ടു. അതിനകം പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിക്കുമെന്ന ശ്രുതി പരന്നു.
ഇസിഎംഒ (എക്‌സ്ട്രാ കോര്‍പോറിയല്‍ മെംബ്രെയ്ന്‍ ഓക്‌സിജനേഷന്‍) സഹായത്തോടെയാണു ജയലളിതയുടെ ജീവന്‍ ഇന്നലെ നിലനിര്‍ത്തിയത്. ശ്വസനത്തിനും ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിനും സഹായിക്കുന്ന ഉപകരണമാണിത്.
പതിനായിരങ്ങളാണ് ആശുപത്രിക്കു മുന്നില്‍ ആകാംക്ഷ യോടെയും പ്രാര്‍ഥനയോടെയും തുടര്‍ന്നത്. ആശുപത്രിയിലേക്കുള്ള റോഡുകളില്‍ ഗതാഗതം നിരോധിച്ചു. ലക്ഷക്കണക്കിന് ആളുകള്‍ തെരുവിലിറങ്ങിയതോടെ സംസ്ഥാനമെമ്പാടും സുരക്ഷ ശക്തമാക്കി. തമിഴ്‌നാട്ടിലെ സ്ഥിതിഗതികള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. സംഘര്‍ഷം ഭയന്നു ചെന്നൈ നഗരത്തിലെ പെട്രോള്‍ പമ്പുകളും കടകളും സ്‌കൂളുകളും സ്വകാര്യസ്ഥാപനങ്ങളും നേരത്തെ അടച്ചിരുന്നു.
Discussion about this post