തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് അന്യ ജില്ലകളില്‍ നിന്നും അയ്യപ്പന്‍മാര്‍ അലങ്കരിച്ച ഓട്ടോറിക്ഷകളിലും, ഗുഡ്‌സ്‌വാഹനങ്ങളിലും എത്തുന്നത് ഒഴിവാക്കണമെന്ന് റോഡ് സുരക്ഷാ കമ്മീഷണര്‍ അഭ്യര്‍ത്ഥിച്ചു.
മോട്ടോര്‍ ബൈക്കുകളില്‍ ഹെല്‍മറ്റ് ധരിക്കാതെയും, അനുവദിച്ചതിലേറെ ആളുകളെ കയറ്റിയും ഭക്തന്‍മാര്‍ സഞ്ചരിക്കുന്നതും ഒഴിവാക്കണം. ജില്ലാ പെര്‍മിറ്റുകള്‍ മാത്രമുളള ഓട്ടോറിക്ഷകളിലും ചരക്കുകള്‍ കയറ്റുന്ന വാഹനങ്ങളിലും അയ്യപ്പന്‍മാര്‍ യാത്ര ചെയ്യുന്നതിന് നിയമ പരിരക്ഷയില്ലാത്തതാണ്. ഇത്തരം വാഹനങ്ങളിലെ യാത്രയില്‍ അപകടസാധ്യതയും ഏറെയാണ്. വാഹനങ്ങളിലെ അലങ്കാരങ്ങള്‍ വന്യമൃഗങ്ങളെ ആകര്‍ഷിക്കും. ഇത്തരത്തിലുളള അപകടത്തില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കഴിഞ്ഞയാഴ്ച ഒരു അയ്യപ്പ ഭക്തന്റെ മരണവും സംഭവിച്ചിരുന്നു. നിയമപരമായ ഈ അഭ്യര്‍ത്ഥന കണക്കിലെടുക്കാത്തപക്ഷം ഇത്തരം വാഹനങ്ങള്‍ക്കെതിരെ നിയമനടപടികളെടുക്കുമെന്ന് കമ്മീഷണര്‍ അറിയിച്ചു.
Discussion about this post