ചെന്നൈ: വര്‍ധ ചുഴലിക്കാറ്റ് ഭീഷണിയെ തുടര്‍ന്ന് ചെന്നൈയില്‍ ജീഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ചെന്നൈ വിമാനത്താവളം അടച്ചു. ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
ചെന്നൈയില്‍നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കി. കുട്ടികളും പ്രായമായ ആളുകളും പുറത്തിറങ്ങരുതെന്നും ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ജനങ്ങള്‍ തയാറായിരിക്കണമെന്നുമാണ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 2നും വൈകിട്ട് 5നും ഇടയില്‍ വര്‍ധ തീരം തൊടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
അതിനിടെ ചെന്നൈയില്‍ പുലര്‍ച്ചെ മുതല്‍ കനത്ത മഴയും കാറ്റുമാണ്. വിഴുപുരത്ത് വീടുകള്‍ തകര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ചെന്നൈ സബര്‍ബന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം ജില്ലകളിലും വില്ലുപുരം ജില്ലയിലെ കടലോര താലൂക്കുകളിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കി. അണ്ണ സര്‍വകലാശാല തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.
Discussion about this post