ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട വര്‍ധ ചുഴലിക്കാറ്റ് ചെന്നൈയില്‍ കനത്ത നാശം വിതച്ചു. അതേസമയം കാറ്റിന്റെ ശക്തി ക്ഷയിച്ചു വരികയാണ്. ചെന്നൈ കടന്നെങ്കിലും, കാറ്റും, മഴയും വീണ്ടും ശക്തിപ്പെടാനുളള സാഹചര്യം മുന്നില്‍ക്കണ്ട് ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഒരു കുട്ടിയടക്കം പത്തോളം പേര്‍ മരണപ്പെട്ടു. മരങ്ങള്‍ കടപുഴകിവീണു. തീവണ്ടി-വ്യോമ ഗതാഗതങ്ങള്‍ സ്തംഭിച്ചു. ചെന്നൈയില്‍ നിന്നുളള പതിനേഴോളം ട്രെയിനുകള്‍ റദ്ദാക്കി. ഇന്നു വൈകിട്ടു വരെ മഴ തുടരാനാണ് സാദ്ധ്യത.
തമിഴ്നാട്, ആന്ധ്ര സംസ്ഥാനങ്ങളില്‍ ദേശീയ ദുരന്തനിവാരണസേന സജീവമായി രംഗത്തുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് തമിഴ്നാട് മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വത്തെ ഫോണില്‍ വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
വെളളക്കെട്ടും, കടപുഴകി വീണ മരങ്ങളും കാരണം മിക്കയിടങ്ങളിലും വാഹനങ്ങള്‍ റോഡിലിറക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. ആയിരത്തിലേറെ മരങ്ങളാണ് കാറ്റില്‍ കടപുഴകിയത്. മരങ്ങള്‍ വീണ് ചില വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. നിരവധി വാഹനങ്ങളും തകര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍.
8000ത്തോളം പേരെ വിവിധ ദുരിതാശ്വാസക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ഇരു സംസ്ഥാനങ്ങളിലുമായി 54 ദുരിതാശ്വാസകേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്.
ചുഴലിക്കാറ്റിന്റെ സ്വാധീനം കര്‍ണ്ണാടകത്തിലും അനുഭവപ്പെട്ടു. ബംഗലുരുവില്‍ ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. പലയിടങ്ങളിലും വൈദ്യുതി മുടങ്ങി. ഇവിടെനിന്നും ചെന്നൈ ഭാഗത്തേക്കുളള ബസുകള്‍ തിങ്കളാഴ്ച്ച സര്‍വ്വീസ് നടത്തിയില്ല. കേരളത്തിന്റെ തെക്കന്‍ ജില്ലകളിലും ഇന്നലെ രാത്രി നേരിയ തോതില്‍ മഴ ലഭിച്ചു.
Discussion about this post