ആലപ്പുഴ: തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ അടിയന്തരമായി അടയ്ക്കാന്‍ ആലപ്പുഴ കളക്ടറേറ്റില്‍ കൂടിയ തണ്ണീര്‍മുക്കം ബണ്ട് ഉപദേശക സമിതി യോഗം തീരുമാനിച്ചു. ഷട്ടറുകള്‍ അടയ്ക്കാനുള്ള പ്രവൃത്തികള്‍ തുടങ്ങി. ആറുദിവസം കൊണ്ട് 62 ഷട്ടറുകളും അടയ്ക്കും. കരിയാര്‍ സ്പില്‍വേയുടെ ഷട്ടറുകളും അടയ്ക്കും. വേമ്പനാട്ടുകായലിലെ വെള്ളത്തില്‍ 10 ദിവസം കൊണ്ട് ലവണാംശം (ഉപ്പിന്റെ അളവ്) ക്രമാതീതമായി ഉയര്‍ന്നതിനാലാണ് ഷട്ടറുകള്‍ അടയ്ക്കുന്നത്.
തണ്ണീര്‍മുക്കം ബണ്ടിന്റെ പരിസരപ്രദേശങ്ങളില്‍ ലവണാംശം 11 മില്ലീമോസ് വരെ ഉയര്‍ന്നിട്ടുണ്ട്. ആവശ്യത്തിന് മഴ ലഭിക്കാത്തതും നീരൊഴുക്ക് കുറഞ്ഞതുമാണ് ലവണാംശം കൂടാനിടയാക്കിയത്. രണ്ട് മില്ലീമോസില്‍ കൂടിയാല്‍ നെല്‍കൃഷിയെ ബാധിക്കുമെന്നതിനാല്‍ ഉടന്‍ ബണ്ടിന്റെ ഷട്ടറുകള്‍ അടയ്ക്കണമെന്ന് കൃഷി വകുപ്പ് ആവശ്യപ്പെട്ടു. ആലപ്പുഴ ജില്ലയില്‍ 20,000 ഹെക്ടറിലും കോട്ടയത്ത് 8200 ഹെക്ടറിലും പുഞ്ചക്കൃഷി ഇറക്കിയിട്ടുള്ളതായി കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലവണാംശം ഉയര്‍ന്നാല്‍ പച്ചക്കറി കൃഷിയെ അടക്കം ബാധിക്കുമെന്നതിനാല്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. ഷട്ടര്‍ അടയ്ക്കാന്‍ നടപടികളെടുക്കാന്‍ ജലസേചനവകുപ്പ് മെക്കാനിക്കല്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.എസ്. ഗണേശിന് യോഗം നിര്‍ദേശം നല്കി.
Discussion about this post