ന്യൂഡല്‍ഹി: പിന്‍വലിച്ച 500, 1000 രൂപയുടെ കറന്‍സികള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുന്നു. 5000 രൂപയിലധികം തുകയുടെ പഴയ 500, 1000 രൂപയുടെ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കുന്നതിന് ഇനി മുതല്‍ ഒറ്റത്തവണ മാത്രമേ അവസരം നല്‍കുകയുളളൂവെന്ന് റിസര്‍വ്വ് ബാങ്ക് അറിയിച്ചു.
വലിയ തുക നിക്ഷേപിക്കാനെത്തുന്നവര്‍ എന്തുകൊണ്ടാണ് ഈ തുക ഇതു വരെ നിക്ഷേപിക്കാതിരുന്നതെന്നതിനു വിശദീകരണം നല്‍കേണ്ടിവരും. പണത്തിന്റെ ഉറവിടവും വ്യക്തമാക്കണം. ഉപഭോക്താവ് നല്‍കുന്ന വിശദീകരണം ബാങ്കുകള്‍ രേഖപ്പെടുത്തി വയ്ക്കണമെന്നും നിര്‍ദ്ദേശമുണ്ട്. കെ.വൈ.സി മാനദണ്ഡങ്ങള്‍ പാലിക്കുന്ന അക്കൗണ്ട് ഉടമയ്ക്കു മാത്രമേ ഈ സൗകര്യവും ലഭ്യമാവുകയുളളൂ.
പിഴയടച്ച് കളളപ്പണം നിക്ഷേപിക്കുന്നതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതി ഈ നിയന്ത്രണപരിധിയില്‍ വരില്ല. അതേസമയം, അയ്യായിരത്തിനു താഴെയുളള തുക എത്ര തവണ വേണമെങ്കിലും നിക്ഷേപിക്കാം. അസാധുവാക്കിയിട്ടില്ലാത്ത നോട്ടുകളോ, പുതുതായിറക്കിയ കറന്‍സികളോ എത്ര വേണമെങ്കിലും നിക്ഷേപിക്കുന്നതിനു തടസ്സമില്ലെന്നും റിസര്‍വ്വ് ബാങ്ക് അറിയിച്ചു.
ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ച് വ്യാപകമായി കളളപ്പണം വെളുപ്പിക്കാന്‍ ശ്രമം നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിയന്ത്രണം.
Discussion about this post