തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡ് ക്രിസ്മസ് ഡിസ്‌കൗണ്ട് മേളയുടെ സംസ്ഥാനതല ഉദ്ഘാടനം സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. പൊതുവിപണിയില്‍ ക്രിസ്മസ്‌കാലത്ത് ഉണ്ടാകാനിടയുള്ള വിലവര്‍ധന പിടിച്ചുനിര്‍ത്താനുള്ള ക്രിയാത്മകശ്രമത്തിന്റെ ഭാഗമാണ് കണ്‍സ്യൂമര്‍ഫെഡിന്റെ ഇടപെടല്‍. ഓണക്കാലത്തും സര്‍ക്കാര്‍ കര്‍ഷകരെ സഹായിക്കാന്‍ രംഗത്തുണ്ടായിരുന്നു. അമിതലാഭമില്ലാതെ ജനങ്ങള്‍ക്ക് ആശ്വാസകരമായി വിപണിയില്‍ സജീവമായ സാന്നിധ്യമാകണമെന്നും അദ്ദേഹം പറഞ്ഞു.
ക്രിസ്മസ് കിറ്റ് വില്‍പനയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ക്രിസ്മസ് പ്രമാണിച്ച് കണ്‍സ്യൂമര്‍ഫെഡിന്റെ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഡിസംബര്‍ 24 വരെയാണ് പ്രത്യേക ഡിസ്‌കൗണ്ട് മേള നടത്തുന്നത്. 10 മുതല്‍ 40 ശതമാനം വരെ വിലക്കുറവില്‍ സംസ്ഥാനത്തെ 220 സൂപ്പര്‍ മാര്‍ക്കറ്റുകളിലും മൊബൈല്‍ ത്രിവേണി ഷോപ്പുകളിലും വിലക്കുറവില്‍ നിത്യോപയോഗസാധനങ്ങള്‍ ലഭിക്കും. ചടങ്ങില്‍ വി.എസ്. ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് സോളമന്‍ അലക്‌സ്, കൗണ്‍സിലര്‍ വഞ്ചിയൂര്‍ പി. ബാബു, കണ്‍സ്യൂമര്‍ഫെഡ് റീജിയണല്‍ മാനേജര്‍മാരായ ടി.എസ്. സിന്ധു, എസ്. വിജയന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Discussion about this post