കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരി തെളിയും. വൈകുന്നേരം നാലിന് കണ്ണൂര്‍ പൊലീസ് മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന കലാമത്സരങ്ങളാണ് ജില്ലയില്‍ നടക്കുന്നത്.
കലാമേളയുടെ വരവ് അറിയിച്ച് ഉച്ചയ്ക്ക് 2.30 ന് ഘോഷയാത്ര നടക്കും. കേരളത്തിന്റെയും കണ്ണൂരിന്റെയും സാംസ്‌കാരിക വൈവിധ്യങ്ങള്‍ വിളിച്ചോതുന്ന കലാരൂപങ്ങളാകും ഘോഷയാത്രയില്‍ അണിനിരക്കുക. മത്സരാര്‍ഥികള്‍ ഇന്നലെ മുതല്‍ തന്നെ നഗരത്തിലെത്തി തുടങ്ങി.
232 മത്സര ഇനങ്ങളിലായി പതിമൂവായിരത്തോളം കലാപ്രതിഭകളാണ് ഏഴ് നാള്‍ നീളുന്ന കലാമാമാങ്കത്തില്‍ മാറ്റുരയ്ക്കുക. നദികളുടെ പേരിട്ട 20 വേദികളാണ് തയ്യാറാക്കിയിരിക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമെന്ന് പേരെടുത്ത മേളയുടെ പൊലിമ ഒട്ടും കുറയാതിരിക്കാനുളള കഠിന പരിശ്രമത്തിലാണ് സംഘാടകര്‍.
22 ന് വൈകിട്ട് നാലിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുക. വിധി നിര്‍ണയത്തിലെ വഴിവിട്ട രീതികള്‍ അവസാനിപ്പിക്കാന്‍ വിജിലന്‍സ് നിരീക്ഷണം ഉള്‍പ്പെടെയുളള വഴികള്‍ ഇക്കുറി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Discussion about this post