പന്തളം: ശബരിമല തീര്‍ത്ഥാടകര്‍ക്ക് വേണ്ട സൗകര്യങ്ങളൊരുക്കുന്നതിന് ശബരിമലയും ഇടത്താവളങ്ങളും പരമ്പരാഗത തിരുവാഭരണ പാതയുമുള്‍പ്പെടുത്തി വര്‍ഷം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക വികസന അതോറിറ്റി രൂപീകരിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി. പന്തളത്ത് തിരുവാഭരണഘോഷയാത്രയ്ക്കെത്തിയ ഭക്തര്‍ക്ക് ശബരിമല അയ്യപ്പസേവാ സമാജം ഒരുക്കിയ സംഭാര വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല തീര്‍ത്ഥാടകര്‍ക്കു വേണ്ടത് പഞ്ചനക്ഷത്ര ഹോട്ടല്‍ സൗകര്യമല്ല. കുടിക്കാന്‍ വെള്ളവും കഴിക്കാന്‍ ഭക്ഷണവും കിടക്കാന്‍ സ്ഥലവുമാണ് വേണ്ടത്. ശബരിമലയില്‍ അന്നദാനം നടത്തി വന്നിരുന്ന ശബരിമല അയ്യപ്പ സേവാസമാജം, വിഘ്നേശ്വര ട്രസ്റ്റ് ഉള്‍പ്പെടെയുള്ളവര്‍ക്ക് അന്നദാനം നടത്തുന്നതിന് അനുമതി നിഷേധിച്ചത് അയ്യപ്പന്റെ ഹിതത്തിനെതിരാണ്. ശബരിമലയുടെ പ്രാധാന്യം തകര്‍ക്കാന്‍ പലകോണുകളില്‍ നിന്നുമുണ്ടാകുന്ന ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നത് ദുഖകരമാണ്. തിരുവാഭരണപാതയിലെ കൈയ്യേറ്റങ്ങളൊഴിപ്പിച്ച് വിശുദ്ധ പാതയാക്കി സംരക്ഷിക്കാന്‍ നടപടിയെടുക്കണം. ഇടത്താവളങ്ങളില്‍ സൗകര്യങ്ങളൊരുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന സഹ സംഘടനാ സെക്രട്ടറി ‘ടി.കെ. കുട്ടന്‍ ബിജെപി ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട, അടൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് കൊടുമണ്‍ ആര്‍. ഗോപാലകൃഷ്ണന്‍, ഹിന്ദുഐക്യവേദി ജില്ലാ പ്രസിഡന്റ് കെ.ആര്‍. കൃഷ്ണപിള്ള, ആര്‍എസ്എസ് താലൂക്ക് സംഘചാലക് ഡോ. കെ. ഹരിലാല്‍, അയ്യപ്പ സേവാസമാജം താലൂക്ക് പ്രസിഡന്റ് ചന്ദ്രശേഖരന്‍ പിള്ള എന്നിവര്‍ പങ്കെടുത്തു.
Discussion about this post