ശബരിമല: ശബരിമലയില്‍ സ്ത്രീ പ്രവേശനം നിരോധിച്ചിട്ടില്ലെന്നും ലളിതമായ നിയന്ത്രണങ്ങള്‍ മാത്രമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും വനിതാ കമ്മീഷന്‍ അംഗം ഡോ. പ്രമീളാദേവി പറഞ്ഞു. സന്നിധാനത്ത് ദര്‍ശനത്തിനെത്തിയ പ്രമീളാദേവി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
ഇക്കാര്യത്തില്‍ തനിക്ക് വ്യക്തവും കൃത്യവുമായ കാഴ്ചപ്പാടുണ്ട്. ലളിതമായ നിയന്ത്രണങ്ങള്‍ ജീവിതത്തിന്റെ ഭാഗമാണ്. ന്യായമായ ഈ നിയന്ത്രണങ്ങള്‍ ഭക്തരായ എല്ലാ സ്ത്രീകള്‍ക്കും മനസിലാകും. ബാല്യത്തിലും ജീവിതത്തിന്റെ മദ്ധ്യാഹ്ന കാലത്തും സത്രീകള്‍ക്ക് അയ്യപ്പനെ കണ്ടു തൊഴാന്‍ സാധിക്കുന്നുണ്ട്. അയ്യപ്പനെ കാണാന്‍ അരനൂറ്റാണ്ട് കാത്തിരുന്ന ശേഷം വരുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാനാവില്ല. ഇരുമുടിക്കെട്ട് തലയിലേന്തുമ്പോള്‍ ജീവിതം വ്യര്‍ത്ഥമായില്ലെന്ന ചിന്തയാണ് മനസില്‍ നിറയുന്നത്.
ശബരിമലയുമായി ബന്ധപ്പെട്ട് എല്ലാക്കാലത്തും വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. എല്ലാ ശബരിമല സീസണിലും എന്തെങ്കിലും കോലാഹലങ്ങള്‍ ഉണ്ടാവും. എന്നാല്‍ ഈ കോലാഹലങ്ങള്‍ക്ക് കവര്‍ന്നെടുക്കാനാവാത്ത തേജസാണ് അയ്യപ്പന്റേത്. തൃപ്തി ദേശായി ശബരിമലയില്‍ വരുമെന്ന് പറയുന്നത് പബ്ളിസിറ്റി ഗിമ്മിക്കാണ്. നെഗറ്റീവ് പബ്ളിസിറ്റി ചില സമയങ്ങളില്‍ പോസിറ്റീവ് പബ്ളിസിറ്റിയേക്കാള്‍ ശ്രദ്ധിക്കപ്പെടും. തൃപ്തി ദേശായിക്ക് സ്ത്രീ സമത്വം സാധ്യമാക്കാന്‍ ഇടപെടാവുന്ന മറ്റു നിരവധി മേഖലകള്‍ ഇന്ത്യയിലുണ്ട്. ശബരിമലയില്‍ കയറുക എന്നതാണോ ഇവിടത്തെ സ്ത്രീകളുടെ പ്രധാന ആവശ്യം. സുരക്ഷിതമായി നടുറോഡിലൂടെ ഒറ്റയ്ക്ക് നടന്നു പോകാന്‍ സ്ത്രീയ്ക്ക് സാധിക്കണം. കുടുംബത്തില്‍ സ്നേഹത്തോടെ കഴിയാന്‍ സാധിക്കണം. വിവാഹ കമ്പോളത്തില്‍ വിലപേശപ്പെടുന്ന വസ്തുവാകാതിരിക്കണം. ഇങ്ങനെ നിരവധി ആവശ്യങ്ങള്‍ ഇന്ത്യന്‍ സ്ത്രീകള്‍ക്കുണ്ട്. ക്ഷേത്രത്തില്‍ പോകുക എന്നതാണ് ആഗ്രഹമെങ്കില്‍ ഇവിടത്തെ മറ്റു ധര്‍മ്മശാസ്താ ക്ഷേത്രങ്ങളില്‍ പോകാമല്ലോ. ഒരു ആരാധനാലയത്തില്‍ പോകുമ്പോള്‍ അവിടത്തെ ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. സ്ത്രീ പ്രവേശന വിഷയത്തില്‍ താഴമണ്‍ തന്ത്രി കുടുംബമാണ് അഭിപ്രായം പറയേണ്ടതെന്നും ഡോ. പ്രമീളാദേവി പറഞ്ഞു.
Discussion about this post