ന്യൂഡല്‍ഹി : സമ്മര്‍ദ്ദങ്ങളില്ലാതെ സന്തോഷത്തോടെ പരീക്ഷയെ നേരിട്ടാല്‍ ഉന്നത വിജയം ഉറപ്പിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍ കി ബാത്തില്‍ പറഞ്ഞു. മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാമിനേയും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിനേയും മോദി പ്രസംഗത്തില്‍ അനുസ്മരിച്ചു. ഇരുപത് വര്‍ഷത്തെ ക്രിക്കറ്റ് കരിയറിനിടയില്‍ സച്ചിന് തന്നോട് തന്നെയാണ് മത്സരിക്കേണ്ടി വന്നത്. സ്വന്തം പേരിലുള്ള റിക്കോര്‍ഡുകള്‍ അദ്ദേഹത്തിന് നിരന്തരം തിരുത്തേണ്ടി വന്നുവെന്നും മോദി ചൂണ്ടിക്കാട്ടി.
പ്രതിസന്ധികളെ ധീരമായി നേരിട്ടില്ലായിരുന്നുവെങ്കില്‍ രാജ്യത്തിന് അബ്ദുള്‍ കലാമിനെ പോലെ മഹാനായ ഒരു ശാസ്ത്രജ്ഞനെ നഷ്ടമായേനെയെന്നും പ്രധാനമന്ത്രി പറഞ്ഞു. പരീക്ഷകളും മാര്‍ക്കുകളും ജീവിതത്തിന്റെ അവസാന വാക്കല്ല. കൂടുതല്‍ മാര്‍ക്ക് നേടിയവര്‍ ജീവിതത്തില്‍ വിജയിക്കണമെന്നുമില്ല. അതിനാല്‍ സമ്മര്‍ദ്ദമില്ലാതെ സന്തോഷത്തോടെ പരീക്ഷയെ നേരിടുവാന്‍ വിദ്യാര്‍ത്ഥികള്‍ തയാറെടുക്കണമെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.
രക്ഷിതാക്കള്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം സമ്മര്‍ദ്ദം ചെലുത്തരുത്. കുട്ടികള്‍ക്കൊപ്പം നിന്ന് സന്തോഷത്തോടെ പരീക്ഷക്കാലത്തെ നേരിടണം. സ്വന്തം താത്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ രക്ഷിതാക്കള്‍ ശ്രമിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പരീക്ഷാപ്പേടിയും രക്ഷിതാക്കളുടെ സമ്മര്‍ദ്ദവുമായിരുന്നു ഈ മാസത്തെ മന്‍ കി ബാത്തിലെ പ്രധാന വിഷയം. രാജ്യത്തെ വിവിധ കോണുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടേയും രക്ഷിതാക്കളുടേയും ചോദ്യങ്ങള്‍ക്കും പ്രധാനമന്ത്രി മറുപടി നല്‍കി.
Discussion about this post