മുംബൈ: വിജയ് മല്യയ്ക്കെതിരേ വീണ്ടും ജാമ്യമില്ലാ വാറണ്ട്. മുംബൈയിലെ പ്രത്യേക സിബിഐ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. ഐഡിബിഐ ബാങ്കില്‍ നിന്ന് വായ്പയെടുത്ത 900 കോടി രൂപ തിരിച്ചടയ്ക്കാതിരുന്നതുമായി ബന്ധപ്പെട്ട കേസിലാണ് വാറണ്ട്.
കേസില്‍ ഐഡിബിഐ മുന്‍ ചെയര്‍മാന്‍ യോഗേഷ് അഗര്‍വാള്‍, കിംഗ്ഫിഷര്‍ മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ എ. രഘുനാഥന്‍, ഇരുസ്ഥാപനങ്ങളുടെയും എക്സിക്യൂട്ടീവുകള്‍ തുടങ്ങി ഒന്‍പത് പേരെ സിബിഐ കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. ഇത് പരിഗണിക്കവേയാണ് കോടതി ജാമ്യമില്ലാ വാറണ്ട് അയച്ചത്. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ തുടങ്ങിയവയാണ് അറസ്റ്റിലായവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.
നിലവില്‍ യുകെയില്‍ കഴിയുന്ന മല്യയെ അവിടെ നിന്ന് തിരികെയെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് കോടതിയുടെ നടപടി. നയതന്ത്ര മാര്‍ഗങ്ങളിലൂടെ വാറണ്ട് മല്യയുടെ കൈകളില്‍ എത്തിക്കാനാണ് നീക്കം. നേരത്തെയും വിവിധ കേസുകളില്‍ മല്യയ്ക്ക് വാറണ്ട് നല്‍കിയിരുന്നു.
Discussion about this post