ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചു. നോട്ട് അസാധുവാക്കല്‍ ധീരമായ നടപടിയായിരുന്നുവെന്ന് ബജറ്റ് അവതരണത്തിന് മുന്നോടിയായുള്ള ആമുഖപ്രസംഗത്തില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. നോട്ട് അസാധുവാക്കല്‍ മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ ഉടന്‍ തീരുമെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഇഡി ബള്‍ബ്, സിഗരറ്റ്, മൊബൈല്‍ ഫോണ്‍, ഇറക്കുമതി ചെയ്ത സംസ്‌കരിച്ച കശുവണ്ടി, അലൂമിനിയം ഉല്‍പ്പന്നങ്ങള്‍, പാന്‍ മസാല, പോളിമര്‍ കോട്ടഡ് എംഎസ് ടേപ്പുകള്‍, വെള്ളി നാണയങ്ങള്‍ എന്നിവയ്ക്ക് വില കൂടും.
ബയോഗ്യാസ് ഉപകരണങ്ങള്‍, സോളര്‍ സെല്ലുകള്‍, വാട്ടര്‍ ഫില്‍റ്റര്‍, പ്രകൃതിവാതകം, കാറ്റുപയോഗിച്ചുള്ള ജനറേറ്റര്‍, പിഒഎസ് മെഷീന്‍, ഫിംഗര്‍ പ്രിന്റ് റീഡേഴ്‌സ്, പ്രതിരോധ സേനാംഗങ്ങളുടെ ലൈഫ് ഗ്രൂപ്പ് ഇന്‍ഷുറന്‍സിന്റെ സേവനനികുതി എന്നിവയ്ക്ക് വില കുറയും. ഓണ്‍ലൈന്‍ റെയില്‍വേ ടിക്കറ്റ് ബുക്കിങിന് ചിലവ് കുറയും.
അഞ്ചു ലക്ഷം രൂപവരെ വരുമാനമുള്ളവരുടെ ആദായ നികുതിയില്‍ ഇളവു വരുത്തി. 2.5 ലക്ഷം രൂപ മുതല്‍ അഞ്ചുലക്ഷം വരെ വരുമാനമുള്ളവര്‍ അഞ്ചു ശതമാനം മാത്രം നികുതി നല്‍കിയാല്‍ മതിയാകും. മുന്‍പ് ഇത് പത്തു ശതമാനമായിരുന്നു. 50 ലക്ഷം രൂപയ്ക്കു മുകളില്‍ വരുമാനമുള്ളവര്‍ക്ക് 10 ശതമാനം സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്തും. ധനികര്‍ക്ക് സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്തി.
ബജറ്റില്‍ ഗുജറാത്ത്, ജാര്‍ഖണ്ഡ് എന്നി രണ്ടു സംസ്ഥാനങ്ങള്‍ക്ക് മാത്രമാണ് എയിംസ് അനുവദിച്ചിട്ടുള്ളത്. റോഡ് ഗതാഗത വികസനത്തിനായി 2.41 ലക്ഷം കോടിയും ദേശീയപാത വികസനത്തിനായി 64,000 കോടി രൂപയും മാറ്റിവയ്ക്കും.
Discussion about this post