ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ഥിപ്പട്ടിക തയ്യാറാക്കാന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് തിങ്കളാഴ്ചയും പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള ഞായറാഴ്ച വൈകിട്ടും കേരളത്തിലെത്തും . തിങ്കളാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇരുവരും പങ്കെടുക്കും.
മൂന്ന് ദിവസത്തോളം നീളുമെന്ന് പ്രതീക്ഷിച്ച കേന്ദ്ര കമ്മിറ്റിയോഗം ശനിയാഴ്ച വൈകുന്നേരം തിരക്കിട്ട് അവസാനിപ്പിക്കുകയായിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വേഗം തീരുമാനം ഉണ്ടാക്കാനാണ് കമ്മിറ്റി തിരക്കിട്ട് അവസാനിപ്പിച്ചതെന്ന് കരുതപ്പെടുന്നു. കേന്ദ്രനേതാക്കളുടെ സാന്നിധ്യത്തിലാകുമ്പോള്‍, കേരളത്തിലെ സ്ഥാനാര്‍ഥിനിര്‍ണയത്തിനിടെയുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എളുപ്പം പരിഹരിക്കാനാവും.
അതിനിടെ വി.എസ്സിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് തീരുമാനം കൈക്കൊള്ളാനുള്ള ചുമതല സി.പി.എം. കേന്ദ്ര കമ്മിറ്റി കേരള ഘടകത്തിന് കൈമാറിയതോടെ 8, 9 തീയതികളില്‍ നടക്കുന്ന സംസ്ഥാന കമ്മിറ്റി യോഗം നിര്‍ണായകമാകുന്നു.
താന്‍ മത്സരരംഗത്തിറങ്ങണമെങ്കില്‍ മറ്റു പി.ബി. അംഗങ്ങളാരും മത്സരിക്കരുതെന്ന ഉപാധി വി.എസ്. പൊളിറ്റ്ബ്യൂറോയുടെ മുന്നില്‍ വെച്ചിട്ടുണ്ട്. എന്നാല്‍ വി.എസ്. തന്നെ പാര്‍ട്ടിയെയും മുന്നണിയെയും നയിക്കണമെന്നും ഒപ്പം മുതിര്‍ന്ന നേതാക്കളും മത്സരിക്കണമെന്നുമുള്ള കാഴ്ചപ്പാടിലാണ് സി.പി.എം. സംസ്ഥാന നേതൃത്വം. വി.എസ്സിന്റെ ജനസമ്മിതി പ്രയോജനപ്പെടുത്തണമെന്ന നിലപാടിലാണ് സി.പി.എം കേന്ദ്ര നേതൃത്വം. ലോട്ടറി വിഷയത്തിലും മറ്റും കൈക്കൊണ്ട നിലപാടുകളില്‍ കടുത്ത വിയോജിപ്പുണ്ടെങ്കിലും വി.എസ്സിന്റെ സ്ഥാനാര്‍ഥിത്വത്തെ കണ്ണുമടച്ച് എതിര്‍ക്കാന്‍ കഴിയാത്ത നിലയിലാണ് പാര്‍ട്ടി.
സി.പി.എം. എത്ര സീറ്റില്‍ മത്സരിക്കണം, ഘടകകക്ഷികള്‍ക്ക് എത്ര സീറ്റ് നല്‍കണം തുടങ്ങിയ കാര്യങ്ങളിലും ഈ സംസ്ഥാന സമിതി യോഗത്തില്‍ തീരുമാനം ഉണ്ടാകും. മുഖ്യമന്ത്രിക്ക് പുറമെ മന്ത്രിമാരായ ഡോ.തോമസ് ഐസക്ക്, എം.എ.ബേബി, കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജന്‍, സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി.ഗോവിന്ദന്‍, മന്ത്രിമാരായ ജി.സുധാകരന്‍, പി.കെ.ഗുരുദാസന്‍, എളമരം കരീം തുടങ്ങിയവരെ മത്സരരംഗത്തിറക്കാന്‍ തീരുമാനം ഉണ്ടായേക്കും.
Discussion about this post