ന്യൂഡല്‍ഹി: കാണ്‍പൂര്‍ ട്രെയിന്‍ അട്ടിമറിയുടെ മുഖ്യ സൂത്രധാരനും പാക് ചാരനുമായ ഷംസുള്‍ ഹോഡ പിടിയിലായി. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സുഹൃത്തായ ഇയാളെ നേപ്പാളില്‍ പോലീസ് അറസ്റ്റു ചെയ്തു. ഷംസൂറിനെ ഇന്ത്യക്ക് കൈമാറിയേക്കുമെന്നാണ് സൂചന.
കാണ്‍പൂരിലെ നിരവധി പേരുടെ മരണത്തിനിടയാക്കിയ അപകടം ഭീകരാക്രമണമാണെന്നും അട്ടിമറി നടത്തിയതാണെന്നും നേരത്തേ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ആക്രമണത്തിനു പിന്നില്‍ പാകിസ്ഥാന്‍ ചാര സംഘടനയായ ഐ.എസ്.ഐക്കു പങ്കുണ്ടെന്നും സംഭവത്തിനു പിന്നില്‍ രാജ്യാന്തര ബന്ധമുണ്ടെന്നും പൊലീസ് സംശയിച്ചിരുന്നു. അന്വേഷണം എന്‍.ഐ.എ ഏറ്റെടുത്ത് പുരോഗമിക്കുന്നതിനിടെയാണ് അട്ടിമറിക്കു പിന്നിലെ മുഖ്യ സൂത്രധാരനും പാകിസ്ഥാന്‍ ചാരനുമായ ഷംസൂര്‍ ഹോഡ നേപ്പാളില്‍ പിടിയിലായത്.
ദുബായില്‍ കഴിഞ്ഞിരുന്ന ഇയാളെ ഇന്റര്‍പോളിന്റെ സഹായത്തോടെ കണ്ടെത്തിയാണ് നേപ്പാളിലെത്തിച്ചത്. ഐ.എസ്.ഐയുടെ പദ്ധതിക്കു വേണ്ട സഹായങ്ങളടക്കം നല്‍കിയത് ഷംസുളായിരുന്നു. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായും ഇയാള്‍ക്ക് ബന്ധമുളളതായി പൊലീസ് സംശയിക്കുന്നു. ബോംബുകള്‍ ട്രാക്കില്‍ സ്ഥാപിക്കാന്‍ ഷംസുള്‍ ഹോഡ് ബ്രിഡ്ജ് കിഷോര്‍ ഗിരിക്ക് നിര്‍ദേശം നല്‍കിയിരുന്നു. അട്ടിമറിയുമായി ബന്ധമുളള ആശിശ് സിങ്, ഉമേഷ് കുമാര്‍ കുര്‍മി എന്നിവര്‍കൂടി അറസ്റ്റിലായിട്ടുണ്ട്. കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായി ഷംസുളിനെ ഇന്ത്യക്ക് കൈമാറിയേക്കുമെന്നാണ് സൂചന.
Discussion about this post