ചെന്നൈ: മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയതിലെ അതൃപ്തി അറിയിച്ചുകൊണ്ട് ഒ. പനീര്‍ശെല്‍വം മാധ്യമങ്ങളെ കണ്ടു. ജയലളിത പറഞ്ഞിട്ടാണ് താന്‍ മുഖ്യമന്ത്രിപദം ഏറ്റെടുത്തതെന്നും രാജിവെച്ചിട്ടും തന്നെ അപമാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വൈകിട്ട് മറീന ബീച്ചിലെ ജയലളിതയുടെ അന്ത്യവിശ്രമസ്ഥലത്ത് സ്മരണാഞ്ജലി അര്‍പ്പിച്ച ശേഷമായിരുന്നു പനീര്‍ശെല്‍വം മാദ്ധ്യമങ്ങള്‍ക്ക് മുന്‍പാകെ മനസ് തുറന്നത്.
പാര്‍ട്ടി പ്രവര്‍ത്തകരും ജനങ്ങളും ആവശ്യപ്പെടുകയാണെങ്കില്‍ രാജി പിന്‍വലിക്കാന്‍ തയ്യാറാണെന്നും പനീര്‍ശെല്‍വം പറഞ്ഞു. തന്റെ പോരാട്ടം തുടരുമെന്ന് വ്യക്തമാക്കാനാണ് ഈ വസ്തുതകള്‍ വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശശികലയ്ക്ക് മുഖ്യമന്ത്രിയാകാന്‍ വേണ്ടിയാണ് ഒ. പനീര്‍ശെല്‍വത്തോട് രാജിവെയ്ക്കാന്‍ എഐഎഡിഎംകെ നേതൃത്വം ആവശ്യപ്പെട്ടത്.
ശശികലയെ മുഖ്യമന്ത്രിയാക്കാന്‍ താന്‍ മുന്‍കൈയ്യെടുക്കുമെന്നാണ് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞത്. അതുകൊണ്ടാണ് രാജി നല്‍കാന്‍ താന്‍ നിര്‍ബന്ധിതനായതെന്നും പനീര്‍ശെല്‍വം പറഞ്ഞു. ശശികല മുഖ്യമന്ത്രിയാകുന്നത് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍ എത്രകാലം ഇതിനെ ന്യായീകരിക്കാന്‍ കഴിയുമെന്ന് താന്‍ ചോദിച്ചിരുന്നതായും പനീര്‍ശെല്‍വം പറഞ്ഞു.
ജയലളിത ആശുപത്രിക്കിടക്കയില്‍ വെച്ച് ആവശ്യപ്പെട്ടത് അനുസരിച്ചാണ് താന്‍ മുഖ്യമന്ത്രി പദം ഏറ്റെടുത്തത്. എന്നാല്‍ താന്‍ മുഖ്യമന്ത്രിയായിരിക്കെയാണ് റവന്യൂമന്ത്രി ആര്‍.ബി ഉദയകുമാര്‍ ശശികല മുഖ്യമന്ത്രിയാകുമെന്ന പ്രഖ്യാപനം നടത്തിയത്. ജയലളിത കാണിച്ചു തന്ന വഴിയില്‍ താന്‍ തന്റെ കടമകള്‍ കൃത്യമായി നിറവേറ്റുന്നുണ്ടായിരുന്നുവെന്നും പനീര്‍ശെല്‍വം ചൂണ്ടിക്കാട്ടി.
അതേസമയം ശശികല മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നത് ഇനിയും വൈകും. ഇതിലെ നിയമപ്രശ്നങ്ങള്‍ പരിശോധിച്ച ശേഷം മാത്രമേ ഗവര്‍ണര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂവെന്നാണ് വിവരം.
Discussion about this post