ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് രാജിവച്ച മുഖ്യമന്ത്രിയും മുതിര്‍ന്ന എഐഎഡിഎംകെ നേതാവുമായ പനീര്‍ശെല്‍വം പറഞ്ഞു. സുപ്രീം കോടതി ഉന്നതതല ജഡ്ജിയെ കൊണ്ട് ജയലളിതയുടെ മരണത്തിലെ ദുരൂഹതയുമായി ബന്ധപ്പെട്ടുള്ള അന്വേഷണം അനിവാര്യമാണെന്ന് പനീര്‍ശെല്‍വം മാധ്യമങ്ങളെ അറിയിച്ചു.
ജയലളിതയുടെ മരണത്തില്‍ എല്ലാവര്‍ക്കും സംശയമുണ്ട്. ഇതു ദുരീകരിക്കേണ്ടത് ആവശ്യമാണ് ഇതിനായാണ് അന്വേഷണം നടത്തുന്നത്. അതു സര്‍ക്കാരിന്റെ ചുമതലയാണെന്നും പനീര്‍ശെല്‍വം വ്യക്തമാക്കി.
16 വര്‍ഷം അമ്മ തമിഴ്‌നാട് മുഖ്യമന്ത്രിയായി തുടര്‍ന്നു. രണ്ട് തവണ താന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായിട്ടുണ്ട്. എല്ലാ കാലത്തും അമ്മ പറഞ്ഞ വഴിയിലൂടെ മാത്രമേ താന്‍ നടന്നിട്ടുള്ളൂ. ഒരിക്കലും പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചിട്ടില്ല. തന്നെ അറിയാവുന്നവര്‍ക്ക് താന്‍ പാര്‍ട്ടിക്ക് വേണ്ടി എന്തൊക്കെ ചെയ്തുവെന്ന് മനസ്സിലാക്കാന്‍ സാധിക്കും, താന്‍ അധികാര മോഹിയാണെന്ന് ആര്‍ക്കും പറയാന്‍ സാധിക്കില്ലെന്നും പനീര്‍ശെല്‍വം പ്രതികരിച്ചു. കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തില്‍ തമിഴ്‌നാട് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജയലളിതയുടെ അനന്തരവള്‍ ദീപ ജയകുമാര്‍ പിന്തുണ നല്‍കിയാല്‍ സ്വീകരിക്കുമെന്നും പനീര്‍ശെല്‍വം പറഞ്ഞു. തന്റെ നിലപാട് ജനങ്ങളെ അറിയിക്കാന്‍ തമിഴ്നാട്ടിലെ ഓരോ പട്ടണങ്ങളിലും ജനങ്ങളുമായി കൂടിക്കാഴ്ച നടത്തും.
തന്നെ പാര്‍ട്ടി പദവിയില്‍നിന്നു നീക്കാന്‍ ആര്‍ക്കും അധികാരമില്ല. പി എച്ച് പാണ്ഡ്യന്‍, മകനും രാജ്യസഭാ എംപിയുമായ പി എച്ച് പോള്‍ മനോജ് പാണ്ഡ്യന്‍, മൈത്രേയന്‍ എംപി, പിന്തുണയ്ക്കുന്ന എംഎല്‍എമാര്‍ എന്നിവരും പനീര്‍ശെല്‍വത്തോടൊപ്പം ഉണ്ടായിരുന്നു.
Discussion about this post