റാന്നി: ഭാരതത്തിന് ഋഷിപരമ്പര പകര്‍ന്നു നല്‍കിയത് നന്മയുടെയും സൗഹൃദത്തിന്റെയും പാതയാണ്. ആചാരാനുഷ്ഠാനങ്ങളിലൂടെ അതിനെ കാത്തുസൂക്ഷിക്കേണ്ട ബാധ്യത സമൂഹത്തിനുണ്ടെന്ന് സ്വാമി കൃഷ്ണാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ പറഞ്ഞു. റാന്നി ഹിന്ദുമഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘വസുധൈവകുടുംബകം’ എന്ന മഹാസന്ദേശം ലോകത്തെ ഒന്നായി കാണുവാനായി ആചാര്യപരമ്പര ചിട്ടപ്പെടുത്തിയതാണ്. നദീതീരങ്ങള്‍ സംസ്‌കാരത്തിന്റെ കളിത്തൊട്ടിലാണെന്നും സര്‍ഗാത്മകങ്ങളായ സൃഷ്ട്രികള്‍ നടന്നിട്ടുള്ളത് പുഴയുടെ തീരങ്ങളിലാണ്. നമ്മുടെ പൈതൃകം മറക്കുന്നത് വരും തലമുറയുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കും.
പരിസ്ഥിതിയും ആചാരങ്ങളും ബന്ധപ്പെട്ടുനില്‍ക്കുന്ന പൈതൃകത്തിനുടമയാണ് ഭാരതീയര്‍. അവയെല്ലാം തന്നെ ലോകനന്മയ്ക്കുവേണ്ടിയുള്ളതാണ്. മതവും വര്‍ണ്ണവും ഭാഷയും വിവിധങ്ങളാണെങ്കിലും ആത്മാവ് ഒന്നേയുള്ളൂ. വിശ്വാസത്തെ നിലനിറുത്തുവാന്‍ ഭാരതീയര്‍ പ്രതിജ്ഞാ ബദ്ധരാണ്.
ശ്രീനാരായണഗുരുദേവനും ചട്ടമ്പിസ്വാമി തിരുവടികളും സ്വാമി വിവേകാനന്ദനും അയ്യങ്കാളിയും പണ്ഡിറ്റ് കറുപ്പനും കാലഹരണപ്പെട്ട അനാചാരങ്ങള്‍ക്കെതിരെയാണ് പോരാടിയിട്ടുള്ളത്. സാമൂഹിക തിന്മകളുടെ രൂപം മാറിയ ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. മൂല്യബോധം നിയമത്തിലൂടെ സൃഷ്ടിക്കാനാവില്ല. മറിച്ച് നിഷേധാത്മക നിലപാട് നാം തിരുത്തിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ സമ്മേളനത്തില്‍ അദ്ധ്യക്ഷനായിരുന്നു. മൂല്യബോധം പകര്‍ന്നുനല്‍കുന്ന തരത്തിലാണ് ഇത്തരം സമ്മേളനങ്ങള്‍ നടത്തുന്നതെന്ന് അദ്ദേഹം അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു.
പെരുവ ഗീതാമന്ദിരാശ്രമത്തിലെ സ്വാമി വേദാനന്ദ സരസ്വതി അനുഗ്രഹപ്രഭാഷണം നടത്തി. സ്വാമി ദയാനന്ദസരസ്വതി, രാജു എബ്രഹാം എംഎല്‍എ, തിരുവിതാംകൂര്‍ ഹിന്ദുധര്‍മ പരിഷത് പ്രസിഡന്റ് പി.എന്‍.നീലകണ്ഠന്‍ നമ്പൂതിരി, വൈസ് പ്രസിഡന്റ് കെ.പി.ദാമോദരന്‍, സെക്രട്ടറി രാജേഷ് ആനമാടം എന്നിവര്‍ പ്രസംഗിച്ചു. പരിഷത് ട്രഷറര്‍ ടി.സി.കുട്ടപ്പന്‍ നായര്‍ പ്രമേയം അവതരിപ്പിച്ചു. ശബരീനാഥ് പ്രഭാഷണം നടത്തി. പി.എന്‍ നീലകണ്ഠന്‍ നമ്പൂതിരി ധ്വജാരോഹണം നടത്തിയതോടെയാണ് സമ്മേളനം ആരംഭിച്ചത്. 19ന് റാന്നി ഹിന്ദുമഹാസമ്മേളനം സമാപിക്കും.
Discussion about this post