തിരുവനന്തപുരം: ഒ.എന്‍.വി. യുടെ അദൃശ്യ സാന്നിധ്യമില്ലാത്ത ഒരു നിമിഷം പോലും മലയാളിയുടെ ജീവിതത്തില്‍ ഉണ്ടാവില്ലെന്ന് കവിയും കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ് ജേതാവുമായ പ്രഭാവര്‍മ അഭിപ്രായപ്പെട്ടു. ഒ.എന്‍.വി എഴുതിയ ഒരുവരിയെങ്കിലും അറിയാത്ത ഒരു മലയാളിപോലുമുണ്ടാവില്ല. ഒ.എന്‍വിയുടെ കവിതയും ഗാനങ്ങളും മലയാളിക്ക് അത്രയേറെ പ്രിയങ്കരമാണെന്നും അദ്ദേഹം പറഞ്ഞു. ഒ.എന്‍. വിയുടെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ഒ.എന്‍.വി പ്രതിഭാ ഫൗണ്ടേഷനും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും ജി. ദേവരാജന്‍ ഫൗണ്ടേഷനും സംയുക്തമായി തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ സംഘടിപ്പിച്ച ഓര്‍മ്മകളുടെ തിരുമുറ്റത്ത് എന്ന ദൃശ്യശ്രാവ്യ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കവയിത്രി സുഗതകുമാരി ഒ.എന്‍.വി സ്മൃതിപൂജ നടത്തി. ഡോ. ജോര്‍ജ് ഓണക്കൂര്‍ അധ്യക്ഷത വഹിച്ചു. ഉദ്ഘാടന സമ്മേളനത്തിനുശേഷം പിരപ്പന്‍കോട് മുരളിയുടെ അധ്യക്ഷതയില്‍ കവി സമ്മേളനവും നടന്നു.
Discussion about this post