ന്യൂഡല്‍ഹി: അനധികൃത സ്വത്തുസമ്പാദനക്കേസില്‍ അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയ്ക്കു കനത്ത തിരിച്ചടി. വിചാരണക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു. 2014ല്‍ ബെംഗളൂരുവിലെ വിചാരണ കോടതി പ്രതികള്‍ക്കു നാലു വര്‍ഷം തടവും പിഴയും വിധിച്ചിരുന്നു. വിധി ശരിവച്ചതോടെ ശശികലയും മറ്റു പ്രതികളും മൂന്നു വര്‍ഷവും 10 മാസം തടവും 10 കോടി രൂപ പിഴയും അടയ്ക്കണം.
2015ല്‍ ഹൈക്കോടതി എല്ലാവരെയും കുറ്റവിമുക്തരാക്കിയിരുന്നു. ഇതേത്തുടര്‍ന്നു കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഈ അപ്പീലിലാണ് ഇപ്പോള്‍ സുപ്രീംകോടതി വിധി വന്നിരിക്കുന്നത്. അതേസമയം, ബെംഗളൂരു വിചാരണകോടതിയില്‍ കീഴടങ്ങാന്‍ ശശികലയ്ക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കി. വിചാരണക്കോടതി വിധിയനുസരിച്ച് ജയില്‍ശിക്ഷ അനുഭവിച്ചതിനാല്‍ ബാക്കി തടവാണ് ശശികലയ്ക്കും കൂട്ടര്‍ക്കും അനുഭവിക്കേണ്ടി വരും.
രണ്ടുദശാബ്ദക്കാലത്തെ നിയമയുദ്ധത്തിനൊടുവിലാണ് അന്തിമവിധി വന്നിരിക്കുന്നത്. ജയലളിത തമിഴ്‌നാട് മുഖ്യമന്ത്രിയായിരിക്കെ 1991-’96 കാലത്ത് 66.65 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നു പരാതി നല്കിയതു ബിജെപി നേതാവ് ഡോ. സുബ്രഹ്മണ്യന്‍ സ്വാമിയാണ്. ശശികല, ജയയുടെ വളര്‍ത്തുമകനായിരുന്ന വി.എന്‍. സുധാകരന്‍, ശശികലയുടെ ബന്ധു ഇളവരശി എന്നിവരും പ്രതികളായിരുന്നു. അഞ്ചു വര്‍ഷത്തിനിടെ 66.65 കോടി രൂപ അനധികൃതമായി സമ്പാദിച്ചെന്നാണു കേസ്. മുഖ്യമന്ത്രിയെന്നനിലയില്‍ ഇക്കാലയളവില്‍ ജയയുടെ മൊത്തം ശമ്പളമാകട്ടെ 60 രൂപ മാത്രവും. പ്രതിമാസം ഒരു രൂപ മാത്രം. 60 രൂപയില്‍ത്തന്നെ 27 രൂപ മാത്രമാണു ജയ കൈപ്പറ്റിയത്. 33 രൂപ ഖജനാവിലേക്കു മുതല്‍ക്കൂട്ടിയിരുന്നു.
അതേസമയം, അണ്ണാ ഡിഎംകെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട ശശികലയുടെ സത്യപ്രതിജ്ഞ ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു വൈകിപ്പിച്ചത് ഈ കേസില്‍ വിധി വരുന്നതിനു വേണ്ടിയായിരുന്നുവെന്നു വിലയിരുത്തപ്പെടുന്നു. തന്നെ പിന്തുണയ്ക്കുന്ന എംഎല്‍എമാരുടെ പട്ടിക ശശികല തയാറാക്കി നല്‍കിയിരുന്നു.
Discussion about this post