തിരുവനന്തപുരം: സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷ പരിപാടികള്‍ ഫെബ്രുവരി 18, 19 തീയതികളിലായി കണ്ണൂരിലെ മസ്‌കോട്ട് പാരഡൈസ് ആഡിറ്റോറിയത്തില്‍ നടക്കും. 18ന് രാവിലെ 10 മണിയ്ക്ക് അധികാര വികേന്ദ്രീകരണവും മാറുന്ന കേരളവും സെമിനാര്‍ നടക്കും. സംസ്ഥാന ആസൂത്രണ ബോര്‍ഡംഗം ഡോ. കെ.എന്‍. ഹരിലാല്‍ അധ്യക്ഷത വഹിക്കുന്ന സെമിനാറിന്റെ ഉദ്ഘാടനം ആസൂത്രണ ബോര്‍ഡ് ഉപാദ്ധ്യക്ഷന്‍ വി.കെ. രാമചന്ദ്രന്‍ നിര്‍വഹിക്കും.
വൈകുന്നേരം 4.30ന് ഇന്ത്യന്‍ സാമ്പത്തിക മേഖലയിലെ പ്രതിസന്ധികള്‍ എന്ന വിഷയത്തിലെ സെമിനാര്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഇ.പി. ലത അധ്യക്ഷത വഹിക്കും. 19ന് രാവിലെ 10ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം ഗവര്‍ണര്‍ പി. സദാശിവം ഉദ്ഘാടനം ചെയ്യും. തദ്ദേശസ്വയംഭരണ മന്ത്രി ഡോ. കെ.ടി. ജലീല്‍ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ.കെ. ശൈലജ ടീച്ചര്‍, കടന്നപ്പളളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് 12 മണി മുതല്‍ നവകേരളത്തിനായ് ജനകീയാസൂത്രണം എന്ന വിഷയത്തിലെ സെമിനാര്‍ കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് മുഖ്യ പ്രഭാഷണം നടത്തും. രണ്ട് മണി മുതല്‍ നടക്കുന്ന പ്രതിനിധി സമ്മേളനം തദ്ദേശസ്വയംഭരണ മന്ത്രി കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്യും.
ഉച്ചയ്ക്ക് മൂന്നിന് നടക്കുന്ന സമാപന സമ്മേളനം തുറമുഖം പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി ഉദ്ഘാടനം ചെയ്യും. പി.കെ. ശ്രീമതി ടീച്ചര്‍ എം.പി അധ്യക്ഷത വഹിക്കും. ചടങ്ങില്‍ മികച്ച പഞ്ചായത്തുകള്‍ക്കുളള സ്വരാജ് ട്രോഫിയും മഹാത്മാ പുരസ്‌കാരവും വിതരണം ചെയ്യും.
Discussion about this post