തിരുവനന്തപുരം: അട്ടക്കുളങ്ങര സ്‌കൂളിനെ അക്കാദമിക് ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി സംസ്ഥാനത്തെ മികച്ച വിദ്യാലയമാക്കി മാറ്റുമെന്ന് വിദ്യഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. പാരിസ്ഥിതിക സൗന്ദര്യം നിലനിര്‍ത്തി സ്‌കൂളിലെ പൗരാണിക മൂല്യമുള്ള കെട്ടിടങ്ങള്‍ പുതുക്കിപ്പണിയുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ആദ്യത്തെ കലാകായികസാംസ്‌കാരിക പാര്‍ക്ക് അട്ടക്കുളങ്ങര സ്‌കൂളില്‍ ആരംഭിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനാണ് തുടക്കമിടുന്നതെന്ന് മന്ത്രി പറഞ്ഞു. കുട്ടികള്‍ക്ക് പഠിക്കാനുള്ള എല്ലാ സാഹചര്യവും ഇവിടെയുണ്ടാവും. കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ പഴയ പ്രതാപത്തിലേക്ക് വരുന്നതിന്റെ സൂചനയാണിത്. ഉന്നതവിദ്യാഭ്യാസ രംഗത്തും കാലാനുസൃതമായ മാറ്റം വരും.
അമ്പത്തിരണ്ട് സര്‍ക്കാര്‍ കോളേജുകളില്‍ അക്കാഡമിക് നിലവാരം ഉയര്‍ത്തുന്നതിനും ഹൈടെക് സൗകര്യങ്ങള്‍ ഒരുക്കുന്നതിനും എട്ടരക്കോടി രൂപ വീതവും എട്ടു കോളേജുകളില്‍ കെട്ടിടം നിര്‍മിക്കുന്നതിന് 12 കോടി വീതവും അനുവദിക്കും. ഇതിനായി കിഫ്ബിയില്‍ പദ്ധതി സമര്‍പ്പിക്കും. 55,000 ക്ലാസുകള്‍ ഹൈടെക്കാക്കുന്നതിന് അറുനൂറു കോടി രൂപയുടെ പദ്ധതി ഈ വര്‍ഷം നടപ്പാക്കും. അധ്യാപക പരിശീലനത്തിനു പുതിയ പദ്ധതി തയ്യാറാക്കും. സര്‍ക്കാര്‍ സ്‌കൂളുകളുടെ നിലവാരം അടിമുടി മാറുന്നതോടൊപ്പം വിദ്യാര്‍ത്ഥികളുടെ പഠനകാര്യങ്ങളില്‍ ഇടപെടുന്ന കാര്യത്തില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും അവസരത്തിനൊത്തുയരണമെന്നും മന്ത്രി പറഞ്ഞു. അടുത്ത അധ്യയന വര്‍ഷാരംഭത്തിനകം സ്‌കൂള്‍ പുതുക്കിപ്പണിയുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയാക്കും.
വി.എസ്. ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്‌കൂള്‍ സംരക്ഷണ സമിതി സെക്രട്ടറി ജി. സജികുമാര്‍ സ്വാഗതം പറഞ്ഞു. പൊതു വിദ്യാഭ്യാസ സെക്രട്ടറി കെ.വി. മോഹന്‍കുമാര്‍, ആര്‍ക്കിടെക്ട് ജി.ശങ്കര്‍, സ്‌കൂള്‍ സംരക്ഷണസമിതി പ്രസിഡന്റ് ഇ.എം. രാധ, പി.ടി.എ പ്രസിഡന്റ് ഷാജഹാന്‍, ഹെഡ്മിസ്ട്രസ് യമുനാദേവി എന്നിവര്‍ സംബന്ധിച്ചു.
Discussion about this post