ന്യൂദല്‍ഹി: ഹസന്‍ അലി ഖാനെതിരെ പോട്ടയടക്കമുള്ള ഭീകരവിരുദ്ധ നിയമങ്ങള്‍ പ്രകാരം കേസെടുക്കാത്തതെന്തുകൊണ്ടാണെന്ന് സുപ്രീംകോടതി. കള്ളപ്പണക്കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ അന്വേഷണ പുരോഗതിയില്‍ അതൃപ്തി പ്രകടിപ്പിച്ച പരമോന്നത കോടതി ഹസനെതിരെ കുറ്റകൃത്യത്തിന്റെ ഗൗരവമനുസരിച്ചുള്ള കേസുകള്‍ എടുക്കാത്തതിന് സിബിഐക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനമാണ് അഴിച്ചുവിട്ടത്. വ്യാജ പാസ്പോര്‍ട്ടുകള്‍ കൈകാര്യം ചെയ്തതിന്റെ പേരില്‍ ഇയാള്‍ക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കണമെന്ന് ജസ്റ്റിസുമാരായ ബി. സുദര്‍ശന്‍ റെഡ്ഡി, എസ്.എസ്. നിജ്ജാര്‍ എന്നിവരടങ്ങിയ പ്രത്യേക ബെഞ്ച് നിര്‍ദ്ദേശിച്ചു.ഹസന്‍ അലിക്കെതിരെ കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥരെ എന്തുകാരണം കൊണ്ടാണ് സ്ഥലം മാറ്റിയതെന്ന് കോടതി ചോദിച്ചു.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണ പ്രകാരം ഹസന്‍ അലിഖാന്റെ പണമിടപാടുകള്‍ ആയുധക്കച്ചവടക്കാരിലേക്കും ഭീകരസംഘടനകളിലേക്കും നീളുന്നതാണ്. രാജ്യത്തിന്റെ സുരക്ഷയെ അപകടത്തിലാക്കുന്ന തരത്തിലുള്ള സാമ്പത്തിക ഇടപാടുകളാണ് ഇയാളുടേത്. ഭീകരവിരുദ്ധ നിയമങ്ങള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ വകുപ്പുണ്ടായിട്ടും അതെന്തുകൊണ്ട് ചെയ്യുന്നില്ല എന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഫെമ, പോട്ട പോലെയുള്ള കര്‍ശനമായ നിയമങ്ങള്‍ പ്രകാരം കേസെടുക്കാതിരുന്നതെന്തുകൊണ്ടെന്ന് വ്യക്തമാക്കാന്‍ കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അതേസമയം ഇയാള്‍ക്കെതിരായ പാസ്പോര്‍ട്ട് കേസ് സിബിഐ അന്വേഷിക്കാതിരുന്നതും കോടതിയുടെ രൂക്ഷവിമര്‍ശനത്തിനിടയാക്കി.
വിദേശബാങ്കുകളില്‍ കെട്ടിക്കിടക്കുന്ന പണം രാജ്യത്തിന് മടക്കിക്കിട്ടാന്‍ നടപടികള്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷകന്‍ രാംജത് മലാനി സമര്‍പ്പിച്ച പൊതുതാല്‍പര്യഹര്‍ജി പരിഗണിച്ചുകൊണ്ടാണ് സുപ്രീംകോടതി ഈ നിരീക്ഷണങ്ങള്‍ നടത്തിയത്. മാര്‍ച്ച് 8ന് സുപ്രീംകോടതി നടത്തിയ കടുത്ത വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ദിവസം രാത്രി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ പൂനെയില്‍ വന്‍ കുതിരക്കച്ചവടക്കാരനായ ഹസന്‍ അലിഖാനെ അയാളുടെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. വിദേശബാങ്കുകളില്‍ കോടികളുടെ കള്ളപ്പണ നിക്ഷേപം ഉള്ള ഖാന്റെയും സഹായികളുടെയും ഓഫീസുകളും വസതികളും എന്‍ഫോഴ്സ്മെന്റ് വിഭാഗം വ്യാപകമായി റെയ്ഡ് നടത്തിയിരുന്നു.
രാം ജത് മലാനിക്ക് വേണ്ടി കോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അനില്‍ ദിവാന്‍ കള്ളപ്പണക്കേസ് അന്വേഷണത്തില്‍ ഏറെ കള്ളക്കളികള്‍ നടക്കുന്നുണ്ടെന്ന സംശയം പ്രകടിപ്പിച്ചു. ഗാസിയാബാദ് പിഎഫ് അഴിമതിക്കേസില്‍ അറസ്റ്റിലായ അശുതോഷ് അസ്താന ദസാന ജയിലില്‍ ദുരൂഹസാഹചര്യത്തില്‍ മരണമടഞ്ഞത് സിബിഐ അന്വേഷണം നടന്നുകൊണ്ടിരിക്കുമ്പോഴാണെന്ന് ദിവാന്‍ ചൂണ്ടിക്കാട്ടി. അതിനിടെ അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സീല്‍ വെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചു. തുടര്‍വാദം മാര്‍ച്ച് 18ന് നടക്കും
Discussion about this post