കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവില്‍ വീണ്ടും തീപിടിത്തം. രാധാ തീയറ്ററിനു സമീപമുള്ള മോഡേണ്‍ ഹാന്‍ഡ്‌ലൂം ആന്‍ഡ് ടെക്‌സ്‌റ്റൈല്‍സിന്റെ മൂന്നുനില കെട്ടിടത്തിനാണ് തീപിടിച്ചത്. കട പൂര്‍ണമായും കത്തിനശിച്ചു. അഗ്‌നിശമനസേന യൂണിറ്റുകള്‍ തീയണയ്ക്കാന്‍ ശ്രമിക്കുകയാണ്. അടുത്തുള്ള പതിനഞ്ചോളം കടകളിലേക്ക് വന്‍തോതില്‍ തീപടരുന്നത് തടയാന്‍ അഗ്‌നിശമനസേനയ്ക്കു കഴിഞ്ഞു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നു സംശയിക്കുന്നു.
കടയുടെ താഴത്തെ നിലയില്‍ നിന്നാണ് തീ പടര്‍ന്നു തുടങ്ങിയതെന്ന് വ്യാപാരികള്‍ അറിയിച്ചു. ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി എത്തിച്ചിരുന്ന അഞ്ച് പാചകവാതക സിലിണ്ടറുകള്‍ കടയിലുള്ളത് ആശങ്കയുണ്ടാക്കി. ഇവ പിന്നീട് ഫയര്‍ഫോഴ്‌സ് നീക്കം ചെയ്തു. മിഠായിത്തെരുവിലേക്ക് കൂടുതല്‍ ആളുകള്‍ എത്തുന്നത് പോലീസ് തടഞ്ഞിട്ടുണ്ട്.
മിഠായിത്തെരുവില്‍ എല്ലാവര്‍ഷങ്ങളിലും വലുതും ചെറുതുമായ തീപിടിത്തങ്ങള്‍ ഉണ്ടാകാറുണ്ട്. 2015ല്‍ ഇവിടെയുണ്ടായ തീപിടിത്തത്തില്‍ പത്തു കടകള്‍ കത്തിനശിച്ചിരുന്നു. അന്ന് 10 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.












