കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പൊലീസ് വലവിരിച്ചു കാത്തിരുന്ന മുഖ്യ പ്രതിയായ പള്‍സര്‍ സുനി പൊലീസ് പിടിയിലായി. എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങാനെത്തിയ പള്‍സര്‍ സുനിയെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ ആറു ദിവസങ്ങളായി പൊലീസിനെ വലച്ച പ്രതിയാണ് പള്‍സര്‍ സുനി. ഇയാള്‍ കസ്റ്റഡിയിലാകുന്നതോടെ കേസിനു കൂടുതല്‍ വ്യക്തത വരുമെന്നാണ് പൊലീസ് കരുതുന്നത്. സുനി ഏതെങ്കിലും കോടതിയില്‍ കീഴടങ്ങാന്‍ സാദ്ധ്യതയുണ്ടെന്ന വിവരം ലഭിച്ചതനുസരിച്ച് സംസ്ഥാനത്തെ വിവിധ കോടതികളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. അതേസമയം പൊലീസിന്റെ കണ്ണു വെട്ടിച്ച് കീഴടങ്ങാനെത്തിയ സുനിയെ നാടകീയമായി പിടികൂടുകയായിരുന്നു. കോടതിമുറിക്കുളളില്‍ കയറാന്‍ കഴിവതും ശ്രമിച്ച സുനിയെ ബലപ്രയോഗത്തിലൂടെ പൊലീസ് പിടികൂടി ജീപ്പില്‍ കയറ്റുകയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ സുനിയെ പിടികൂടാന്‍ കഴിയാത്തതിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങളാണ് സംസ്ഥാന പൊലീസ് നേരിട്ടിരുന്നത്. കോടതിയില്‍ കയറാന്‍ കഴിയുന്നതിനു തൊട്ടു മുന്‍പേ അറസ്റ്റ് ചെയ്തതിലൂടെ കഷ്ടിച്ചു മുഖം രക്ഷിച്ച ആശ്വാസത്തിലാണ് പൊലീസ്.
Discussion about this post