തിരുവനന്തപുരം: ഭരണത്തിന്റെ സമസ്ത മേഖലകളും സജീവമായാലേ സ്ത്രീസുരക്ഷ ഉറപ്പാക്കാനാവൂ എന്ന് ആരോഗ്യസാമൂഹ്യനീതി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. എക്‌സിക്യൂട്ടീവ്, ലജിസ്ലേച്ചര്‍, ജുഡീഷ്യറി എല്ലാം ചേര്‍ന്ന് കുറ്റമറ്റ സംവിധാനം ഒരുക്കുമ്പോഴേ സ്ത്രീസുരക്ഷ ഉറപ്പാകൂ. അതിന് ഏതറ്റംവരെയും പോവാന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്നും മന്ത്രി പറഞ്ഞു. മിത്ര 181 എന്ന പേരിലുള്ള വനിത ഹെല്‍പ്പ്‌ലൈന്‍ ലോഗോയുടെ പ്രകാശനം പ്രസ്‌ക്ലബ്ബില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
സമൂഹത്തിന്റെ സ്ത്രീകളെപ്പറ്റിയുള്ള മനോഭാവത്തിലും മാറ്റമുണ്ടാകണം. അതിന് ശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വനിതാ വികസന കോര്‍പ്പറേഷന്‍ പോലുള്ള സ്ഥാപനങ്ങള്‍ സംഘടിപ്പിക്കണം. സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ കുറ്റവാളികളെ താമസംകൂടാതെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി മിനി ആന്റണി, വനിതാ വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ബിന്ദു വി.സി, സാമൂഹ്യസുരക്ഷാ മിഷന്‍ ഡയറക്ടര്‍ ഡോ. അഷീല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വനിതാ ഹെല്‍പ്പ്‌ലൈന്‍ മാര്‍ച്ച് 27ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
181 എന്ന ടോള്‍ ഫ്രീ നമ്പറിലൂടെ അടിയന്തര ഘട്ടങ്ങളിലും അല്ലാത്തപ്പോഴും സ്ത്രീകള്‍ക്ക് വിവരങ്ങളും സേവനങ്ങളും ലഭ്യമാക്കുന്ന 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് മിത്ര 181. 181 എന്ന നമ്പറിലേക്ക് വിളിക്കുന്നവര്‍ക്ക് അടുത്തുള്ള പോലീസ് സ്റ്റേഷന്‍, പ്രധാന ആശുപത്രി, ആംബുലന്‍സ് സര്‍വീസുകള്‍ എന്നിവയുടെ സേവനങ്ങള്‍ ഉറപ്പായും ലഭിക്കുന്ന വിധത്തിലാണ് സജ്ജീകരണം. ഇവയ്ക്കു പുറമേ സംസ്ഥാനത്തെ സര്‍ക്കാര്‍, സര്‍ക്കാരേതര ക്ഷേമപദ്ധതികള്‍, വിവിധ സ്ത്രീപക്ഷ സേവനങ്ങള്‍ എന്നിവയുടെ വിവരങ്ങളും മിത്ര 181 ഹെല്‍പ്പ്‌ലൈനിലൂടെ ലഭിക്കും. ലാന്‍ഡ് ഫോണില്‍ നിന്നും മൊബൈല്‍ ഫോണില്‍ നിന്നും മിത്ര 181 ലേക്ക് വിളിക്കാം. ഹെല്‍പ്പ് ലൈനിന്റെ വിജയത്തിന് സുശക്തവും വിപുലവുമായ വിവര ശേഖരണം പൂര്‍ത്തിയാക്കി വരുന്നു.
സര്‍ക്കാര്‍, സര്‍ക്കാരേതര, സ്വയംഭരണ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെയും സഹകരണത്തോടെയാണ് ഇത് സാധ്യമാക്കുന്നത്. ഹെല്‍പ്പ്‌ലൈനില്‍ പ്രവര്‍ത്തിക്കുന്നവരുടെ പരിശീലനം ഉടന്‍ പൂര്‍ത്തിയാകും. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ സജ്ജീകരിച്ചിരിക്കുന്ന മിത്ര 181 ഹെല്‍പ്പ് ലൈന്‍ കണ്‍ട്രോള്‍ റൂമിന്റെ സുഗമമായ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് ഒരു വനിതാ മാനേജര്‍ ഉണ്ടായിരിക്കും. അവര്‍ക്കു കീഴില്‍ സൂപ്പര്‍വൈസര്‍, സീനിയര്‍ കോള്‍ റെസ്‌പോണ്ടര്‍, കോള്‍ റെസ്‌പോണ്ടര്‍, ഐ.ടി ഉദ്യോഗസ്ഥ, ബഹുതല സഹായി തുടങ്ങിയ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ശൃംഖലയുണ്ടാവും.
Discussion about this post