തിരുവനന്തപുരം: ഏറ്റവും കൂടുതല്‍ ഭാഷാമാറ്റ പുരോഗതി കൈവരിക്കുന്നതും ഭരണഭാഷ പൂര്‍ണമായും മലയാളം ആക്കൂന്നതിനു കര്‍മ്മപരിപാടി തയ്യാറാക്കി പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതുമായ വകുപ്പിനും ജില്ലയ്ക്കും ഓരോ വര്‍ഷവും പ്രത്യേക പുരസ്‌കാരം ഏര്‍പ്പെടുത്തും.
പൂര്‍ണമായ ഭാഷാമാറ്റം കൈവരിക്കുന്ന ഏറ്റവും നല്ല വകുപ്പിന് ഇരുപത്തയ്യായിരം രൂപയും ഫലകവും പ്രശസ്തി പത്രവും ജില്ലയ്ക്ക് ഇരുപതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവും പുരസ്‌കാരമായി നല്‍കും. പുരസ്‌കാരം നല്‍കുന്നതിന് തൊട്ടു മുന്‍പുള്ള കലണ്ടര്‍ വര്‍ഷം ഭരണഭാഷ പൂര്‍ണമായും മലയാളത്തിലാക്കുന്നതിന് സഹായകമാകുന്ന തരത്തില്‍ മലയാളത്തില്‍ ചെയ്യുന്ന എല്ലാവിധ ജോലികളും പരിഗണിക്കും. വകുപ്പുതല പുരസ്‌കാരത്തിന് വകുപ്പുകളുടെയും അതിനു കീഴില്‍വരുന്ന ഓഫീസുകളുടെയും പ്രവര്‍ത്തനവും ജില്ലാതല പുരസ്‌കാരത്തിന് കളക്ടറേറ്റുകളുടെയും അനുബന്ധ ഓഫീസുകളുടെയും ജില്ലാതല സമിതികളുടെ പ്രവര്‍ത്തനവും ജില്ലയില്‍ നടത്തിയ ഭാഷാമാറ്റ പ്രവര്‍ത്തനവും കണക്കിലെടുക്കും.
വകുപ്പുതല/ജില്ലാതല പുരസ്‌കാരത്തിന് ആധാരമായിട്ടുള്ള വിഷയങ്ങള്‍ ഔദ്യോഗികഭാഷാ വകുപ്പ് പരിശോധിച്ച് സമഗ്രമായ റിപ്പോര്‍ട്ട് തയ്യാറാക്കും. അത് അഡീഷണല്‍ ചീഫ് സെക്രട്ടറിയില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അധ്യക്ഷന്‍, ഔദ്യോഗികഭാഷാ വകുപ്പ് സെക്രട്ടറി കണ്‍വീനര്‍, ഔദ്യോഗികഭാഷാ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി, ഭാഷാ വിദഗ്ധന്‍, ഒരു അനൗദ്യോഗിക അംഗം തുടങ്ങിയവര്‍ അംഗങ്ങളായുമുള്ള സമിതി പരിശോധിച്ച് ജേതാക്കളെ പ്രഖ്യാപിക്കും.
Discussion about this post