കൊച്ചി:ഭാരതത്തില്‍ അസഹിഷ്ണുക്കളായവര്‍ക്ക് സ്ഥാനമില്ലെന്നു രാഷ് ട്രപതി പ്രണാബ് മുഖര്‍ജി. സഹിഷ്ണുതയും ബഹുസ്വരതയും ഉള്‍ക്കൊള്ളാനുള്ള സന്നദ്ധതയാണ് നമ്മുടെ സംസ്‌കാരത്തിന്റെ അടിസ്ഥാനം. കൊച്ചിയിലെ ലേമെറിഡിയന്‍ കണ്‍ വന്‍ഷന്‍ സെന്ററില്‍ ഇന്ത്യ @ 70 എന്ന വിഷയത്തില്‍ ആറാമത് കെ.എസ്.രാജാമണി മെമ്മോറിയല്‍ പ്രഭാഷണം നടത്തവെ അദ്ദേഹം സൂചിപ്പിച്ചു.
ഭാരതത്തില്‍ അസഹിഷ്ണുതയ്ക്ക് ഒരുതരത്തിലും ഇടമില്ല. അതിപുരാതന കാലം മുതല്‍ അഭിപ്രായസ്വാതന്ത്ര്യം നിലനിന്നിരുന്ന ഒരു നാടാണ് ഇന്ത്യ. സ്വതന്ത്ര ചിന്തയുടെയും പ്രവര്‍ത്തനങ്ങളുടെയും ഇടം. വിവിധ ചിന്താഗതികള്‍ തമ്മിലുള്ള തുറന്ന സംവാദത്തിനും ചര്‍ച്ചയ്ക്കുമുള്ള അവസരം നമ്മുടെ സമൂഹം എന്നും നല്‍കിയിരുന്നു. സംസാര സ്വാതന്ത്ര്യവും അഭിപ്രായപ്രകടന സ്വാതന്ത്ര്യവും നമ്മുടെ ഭരണഘടന ഉറപ്പു നല്‍കുന്ന കാര്യങ്ങളാണ്. എന്നാല്‍, വിമര്‍ശനത്തിനും വിയോജിപ്പിനും യുക്തിസഹമായ ഇടം അതു നല്‍കുന്നുമുണ്ട്. ഇക്കാര്യം എല്ലാവരും ഓര്‍മിക്കണം.
ഇന്ത്യ എക്കാലവും ബഹുസ്വരതയെ ആഘോഷിച്ച സമൂഹമാണ്. നാനാത്വത്തിലുള്ള ഏകത്വമാണ് നമ്മുടെ കരുത്ത്. എന്തിനും എതിരഭിപ്രായങ്ങള്‍ പറയുന്നവരുടെ നാടാണ് ഇന്ത്യയെന്നു പ്രമുഖ സാന്പത്തികശാസ്ത്രജ്ഞന്‍ അമര്‍ത്യാ സെന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍, ഇന്ത്യ ഒരിക്കലും അസഹിഷ്ണുത കാട്ടിയിട്ടില്ല. അസഹിഷ്ണുതയുള്ള സമൂഹമായിരുന്നെങ്കില്‍ ഇന്ത്യക്ക് ഒന്നായി നിലനില്‍ക്കാന്‍ കഴിയുമായിരുന്നില്ല.
രാഷ്ട്രീയ നേതാക്കള്‍ ജനങ്ങള്‍ക്കു പറയാനുള്ളതെല്ലാം കേള്‍ക്കാന്‍ സന്നദ്ധതയുള്ളവരായിരിക്കണം. നമ്മുടെ ഭരണഘടന സ്ത്രീകള്‍ക്ക് തുല്യഅവകാശവും അവസര സമത്വവും പ്രദാനം ചെയ്യുന്നുന്നുണ്ട്. അവരോടു ചേര്‍ന്നു പ്രവര്‍ത്തിക്കുകയും അവരില്‍നിന്നു പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നവരുമാകണം. നമ്മുടെ സമൂഹത്തില്‍ ഉണ്ടായി കൊണ്ടിരിക്കുന്ന തെറ്റായ പ്രവണതകളെ തിരുത്താന്‍ കഴിയണം. ദേശസ്‌നേഹവും ദേശീയമായൊരു ലക്ഷ്യബോധവും വളര്‍ത്തുന്നതിനും അതിലൂടെ ഇന്ത്യയെ വീണ്ടും കണ്ടെത്തുന്നതിനുള്ള സംഘടിതമായ യജ്ഞം വേണം.
പൗരന്മാര്‍ക്ക് സ്ത്രീകളോടുള്ള സമീപനംതന്നെ അപരിഷ്‌കൃതമാകുമ്പോള്‍ ആസമൂഹംതന്നെ അപരിഷ്‌കൃതമായിത്തീരുന്നു. സ്ത്രീയ്ക്കു മുറിവേല്‍ക്കപ്പെടുന്നിടത്ത് നമ്മുടെ സംസ്‌കൃതിക്കു തന്നെയാണ് മുറിവേല്‍ക്കുന്നത്. ഒരു സമൂഹത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും നിര്‍ണായകമായ പരിശോധന ആസമൂഹം എങ്ങിനെ സ്ത്രീകളെയും കുട്ടികളെയും പരിഗണിക്കുന്നുവെന്നതാണ്. ഇന്ത്യ ഒരിക്കലും അത്തരമൊരു പരിശോധനയില്‍ പരാജയപ്പെട്ടുകൂടാ രാഷ്ട്രപതി പറഞ്ഞു.
കെ.എസ്.രാജാമണി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണെന്ന് ഗവര്‍ണര്‍ ജസ്റ്റീസ് പി.സദാശിവം ചൂണ്ടിക്കാട്ടി. പാവപ്പെട്ടവരുടെ ക്ഷേമത്തിനും നിയമസഹായം അവര്‍ക്കെത്തിക്കുന്നതിനും മുന്നിട്ടിറങ്ങി പ്രവര്‍ത്തിച്ച കെ.എസ്.രാജാമണി സമൂഹത്തിന്റെ സര്‍വതോന്മുഖമായ വളര്‍ച്ചയില്‍ ഏറെ സംഭാവനകള്‍ നല്‍കിയ വ്യക്തിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു.
ചടങ്ങില്‍ കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസ് തോട്ടത്തില്‍ ബി.രാധാകൃഷ്ണന്‍, രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ.പി.ജെ.കുര്യന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.വി.തോമസ് എംപി തുടങ്ങിയവര്‍ സംബന്ധിച്ചു.
കെ.എസ്.രാജാമണിയുടെ മകനും രാഷ് ട്രപതിയുടെ പ്രസ് സെക്രട്ടറിയുമായ വേണു രാജാമണി സ്വാഗതവും ആര്‍.ബാലചന്ദ്രന്‍ നന്ദിയും പറഞ്ഞു.
സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കൊച്ചി മേയര്‍ സൗമിനി ജയിന്‍, കെ. എസ്.രാജാമണിയുടെ മകള്‍ ലീല ഗണേഷ് തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു. മാതൃഭൂമി ഡയറക്ടര്‍ എം.വി.ശ്രേയാംസ്‌കുമാര്‍, ദീപിക ചീഫ് എഡിറ്റര്‍ ഫാ.ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍, മലയാള മനോരമ ചീഫ് എഡിറ്റര്‍ മാമന്‍ മാത്യു തുടങ്ങി മാധ്യമസാംസ്‌കാരിക മേഖലകളിലെ നിരവധി പ്രമുഖര്‍ സന്നിഹിതരാ യിരുന്നു.
Discussion about this post