കൊച്ചി: മലയാളത്തിന്റെ പ്രിയപ്പെട്ട കലാരൂപങ്ങളിലൊന്നായ തിരുവാതിരകളിയെ കൂടുതല്‍ അറിയുന്നതിനും ആസ്വദിക്കുന്നതിനുമായി സംസ്ഥാന സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള ഫോക്‌ലോര്‍ അക്കാദമിയും തിരുവൈരാണിക്കുളം തിരുവാതിര സംഗീത അക്കാദമിയും ചേര്‍ന്ന് മാര്‍ച്ച് 12ന് ശില്പശാല നടത്തും. തിരുവാതിരയുടെ വൈവിധ്യമാര്‍ന്ന അവതരണങ്ങളും തിരുവാതിര നൃത്തം, സംഗീതം, ചുവടുകള്‍, ചലനഭംഗി തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള ക്ലാസുകളും സംവാദവും മറ്റ് നാടന്‍ നൃത്തരൂപങ്ങളുടെ അവതരണവും ഇതോടൊപ്പമുണ്ടാകും.
ആലുവ തിരുവാതിര സംഗീത അക്കാദമിയില്‍ രാവിലെ ഒമ്പതിന് ആരംഭിക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ കാലടി ശ്രീശങ്കര സര്‍വകലാശാല നൃത്തവിഭാഗം വകുപ്പ് അധ്യക്ഷന്‍ ഡോ. സി. വേണുഗോപാലന്‍ നായര്‍ അധ്യക്ഷനായിരിക്കും. ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ സി. ജെ. കുട്ടപ്പന്‍ ഉദ്ഘാടനം നിര്‍വഹിക്കും. അക്കാദമി നിര്‍വാഹകസമിതിയംഗം ഡോ. ആര്‍. ഗീതാദേവി മുഖ്യപ്രഭാഷണം നടത്തും. അക്കാദമിയംഗം രാജമ്മ, അകവൂര്‍ കുഞ്ഞനിയന്‍ നമ്പൂതിരിപ്പാട്, ഫോക്‌ലോര്‍ അക്കാദമി സെക്രട്ടറി ഡോ. എ. കെ. നമ്പ്യാര്‍, തിരുവാതിര സംഗീത അക്കാദമി സെക്രട്ടറി കെ. ജി. ദിലീപ്കുമാര്‍ എന്നിവര്‍ പ്രസംഗിക്കും. പത്തരയ്ക്ക് ശില്പശാല മാലതി ജി. മേനോന്‍ ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് സെമിനാറുകളില്‍ എന്‍. കെ. മധുസൂദനന്‍, പ്രൊഫ. കെ. എന്‍. ഓമന, സാവിത്രി അന്തര്‍ജനം, പ്രീതാ ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും. രണ്ടരയ്ക്ക് സംവാദം.
സമാപന സമ്മേളനത്തില്‍ ശ്രീമൂലനഗരം പഞ്ചായത്ത് പ്രസിഡന്റ് അല്‍ഫോന്‍സ് വര്‍ഗീസ് അധ്യക്ഷയായിരിക്കും. അന്‍വര്‍ സാദത്ത് എം എല്‍ എ ഉദ്ഘാടനം നിര്‍വഹിക്കും. തിരുവൈരാണിക്കുളം ക്ഷേത്രട്രസ്റ്റ് സെക്രട്ടറി പി. ജി. സുധാകരന്‍ ആശംസയര്‍പ്പിക്കും. തുടര്‍ന്ന് തിരുവാതിര കലാകാരികളെ ആദരിക്കല്‍, വിവിധ നൃത്തരൂപങ്ങളുടെ അവതരണം.
Discussion about this post