തിരുവനന്തപുരം: കൊച്ചി മെട്രോയുടെ പ്രവര്‍ത്തനം ഏപ്രില്‍ അവസാന വാരത്തോടെ തുടങ്ങാനാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മെട്രോ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13.26 കി.മീ. മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. മാര്‍ച്ച് അവസാനത്തോടെ ഇത് പൂര്‍ത്തിയാകും. അതിനുശേഷം ഏപ്രില്‍ ആദ്യവാരത്തില്‍ സി.എം.ആര്‍.ഐ. ക്ലിയറന്‍സ് ലഭിക്കും. അതിനുശേഷം എപ്പോള്‍ വേണമെങ്കിലും പ്രവര്‍ത്തനം ആരംഭിക്കാമെന്ന സാഹചര്യമാണെന്ന് മെട്രോ റയില്‍ അധികൃതര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. മെട്രോ റയിലിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ നഗരത്തില്‍ ഗതാഗതത്തിരക്ക് വര്‍ധിക്കുന്ന സാഹചര്യമുണ്ടാകും. ഇതു നേരിടാന്‍ ആവശ്യമായ സ്‌പെഷ്യല്‍ പോലീസ്, മറ്റു സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ സജ്ജമാക്കുന്നതിനുവേണ്ട നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നും മെട്രോ റയില്‍ അധികൃതര്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.
മെട്രോ റെയില്‍ യാത്രയ്ക്കു വേണ്ട കുറഞ്ഞ ചാര്‍ജ് ഒരാള്‍ക്ക് പത്തുരൂപയാണെന്നു നിജപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം സര്‍ക്കാരിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്. പാലാരിവട്ടത്ത് സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള 0.59 ഏക്കര്‍ ഭൂമി വാഹന പാര്‍ക്കിങ്ങിനായി ഉയോഗപ്പെടുത്താന്‍ തീരുമാനമായിട്ടുണ്ട്. 404 കുടുംബശ്രീ അംഗങ്ങളെ വിവിധ തസ്തികകളില്‍ നിയമിക്കാനും തീരുമാനമായി. ഇന്ത്യയിലെ മറ്റു മെട്രോ പദ്ധതികളെല്ലാം പ്രാരംഭ ഘട്ടത്തില്‍ പത്തു കി. മീറ്ററും അതിനു തഴെയും ദൈര്‍ഘ്യമുള്ളവയായിരുന്നു. കൊച്ചി മെട്രോയ്ക്ക് തുടക്കത്തില്‍ 13.26 കി.മീറ്റര്‍ ദൈര്‍ഘ്യമുണ്ട്. അര്‍ബന്‍ ട്രാന്‍സ്‌പോര്‍ട്ട് വിഭാഗത്തില്‍ ഇന്ത്യയില്‍ ആദ്യമായാണ് ഇങ്ങനെയൊരു പദ്ധതി ആരംഭിക്കുന്നത്.
കൊച്ചി ജവഹര്‍ലാല്‍ നെഹ്രു അന്താരാഷ്ട്ര സ്റ്റേഡിയം മുതല്‍ തൃപ്പൂണിത്തുറ പേട്ട വരെയുള്ള രണ്ടാം ഘട്ട മെട്രോ റയിലിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എറണാകുളം ജില്ലാ കളക്ടറെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. വാട്ടര്‍ മെട്രോയ്ക്കുവേണ്ടി 78 ബോട്ടുകള്‍ വാങ്ങാന്‍ ആഗോള ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ടെന്നും മെട്രോ അധികൃതര്‍ മുഖ്യമന്ത്രിയെ അറിയിച്ചു.
കൊച്ചി മെട്രോ റെയില്‍ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ, ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി (മുഖ്യമന്ത്രി) എം. ശിവശങ്കര്‍, ഗതാത വകുപ്പ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, എറണാകുളം ജില്ലാ കളക്ടര്‍ എ.വൈ. സഫറുള്ള വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Discussion about this post