സെണ്ടയ്: ജപ്പാനില്‍ വെള്ളിയാഴ്ചത്തെ സുനാമി ദുരന്തത്തിന് പിന്നാലെ രാജ്യത്തിന്റെ വടക്ക് കിഴക്കന്‍ മേഖലയില്‍ ശനിയാഴ്ച വീണ്ടും ശക്തമായ ഭൂചലനമുണ്ടായി. വെള്ളിയാഴ്ച 8.9 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിനടുത്ത് തന്നെയാണ് ഇന്ന് വീണ്ടും ചലനമുണ്ടായത്. തുടര്‍ചലനങ്ങളില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 125 തുടര്‍ചലനങ്ങളുണ്ടായി. 1900 ത്തിന് ശേഷം ലോകത്തുണ്ടാകുന്ന അഞ്ചാമത്തെ വലിയ ഭൂകമ്പമാണ് വെള്ളിയാഴ്ച ജപ്പാനില്‍ അനുഭവപ്പെട്ടത്. ഇതുവരെ 413 മരണങ്ങള്‍ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. 784 പേരെ കാണാതായി.
നാശനഷ് ടങ്ങളെക്കാളേറെ ആണവനിലയങ്ങളിലുണ്ടായേക്കാവുന്ന ആണവവികരണമാണ് ആശങ്കയുയര്‍ത്തുന്നത്. രണ്ട് ആണവനിലയങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഫുക്കുഷിമയിലെ രണ്ട് ആണവനിലയങ്ങളിലെ ശീതീകരണ സംവിധാനം തകരാറിലായതിനെ തുടര്‍ന്ന് സമീപപ്രദേശങ്ങളില്‍ നിന്ന് ആളുകളെ പൂര്‍ണമായും ഒഴിപ്പിച്ചു. ഈ ആണവനിലയങ്ങളില്‍ നിന്ന് നീരാവി പുറത്ത് വിട്ട് സമ്മര്‍ദം കുറയ്ക്കാനുള്ള തീവ്രശ്രമത്തിലാണ് സാങ്കേതിക വിദഗ്ധര്‍
വന്‍നാശം വിതച്ച് പത്തുമീറ്റര്‍ ഉയരത്തില്‍ ആഞ്ഞടിച്ച തിരമാലകളില്‍ കെട്ടിടസമുച്ചയങ്ങള്‍ തകര്‍ന്നടിഞ്ഞു. കാറുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഒഴുകിപ്പോയി. കപ്പലുകളും ബോട്ടുകളും കരയിലെത്തി. നൂറോളം പേരുള്ള ഒരു കപ്പല്‍ ഒഴുകിപ്പോയതായും റിപ്പോര്‍ട്ടുണ്ട്. ഭൂകമ്പത്തെത്തുടര്‍ന്ന് ഒരു ആണവനിലയത്തില്‍ വന്‍അഗ്‌നിബാധയുണ്ടായി. സെന്‍ഡായ് മേഖലയില്‍ ഏക്കര്‍കണക്കിന് കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലായി. ഒരു എണ്ണ ശുദ്ധീകരണശാലയിലും ഉരുക്കുനിര്‍മാണശാലയിലും തീപ്പിടിത്തമുണ്ടായി. സെന്‍ഡായ് നഗരത്തില്‍നിന്നു മാത്രം ഇരുന്നൂറോളം മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ലക്ഷക്കണക്കിന് വീടുകള്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. കുട്ടികളുള്‍പ്പെടെ ഒട്ടേറെപ്പേരെ കാണാതായതിനാല്‍ മരണസംഖ്യ ഉയരുമെന്ന് അധികൃതര്‍ പറഞ്ഞു.
ജപ്പാന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂകമ്പമാണ് വെള്ളിയാഴ്ച മിയാഗി തീരത്തിനടുത്തുണ്ടായതെന്ന് കാലാവസ്ഥാപഠനകേന്ദ്രം അറിയിച്ചു. ഭൂകമ്പമാപിനിയിലത് 8.9 തീവ്രത രേഖപ്പെടുത്തി. തീരത്തുനിന്ന് 80 കിലോമീറ്റര്‍ അകലെ സമുദ്രത്തിലാണ് പ്രഭവകേന്ദ്രം.
Discussion about this post