കോഴിക്കോട്: എല്ലാ ജില്ലയിലും പൈതൃക മ്യൂസിയങ്ങള്‍ സ്ഥാപിക്കുമെന്ന് പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. രാജ്യത്തിന്റെ പ്രയാണത്തിന് ശക്തി നല്‍കുന്ന പാരമ്പര്യ സ്വത്താണ് മ്യൂസിയങ്ങള്‍. ചരിത്രസ്മാരകങ്ങള്‍ പരിരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈസ്റ്റ്ഹില്‍ ആര്‍ട്ട് ഗാലറി കൃഷ്ണമേനോന്‍ മ്യൂസിയത്തില്‍ ആരംഭിച്ച ആധുനിക സംവിധാനങ്ങളോടുകൂടിയ ത്രീ.ഡി തിയേറ്റര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതുതലമുറയ്ക്ക് അവബോധം സൃഷ്ടിക്കാനായി താളിയോലകളടക്കമുള്ള പുരാവസ്തുക്കള്‍ സംരക്ഷിക്കും. ഇവ ഡിജിറ്റലൈസ് ചെയ്തുസൂക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മ്യൂസിയങ്ങള്‍ ആധുനികവത്ക്കരിക്കാനുള്ള നടപടികള്‍ അടുത്ത വര്‍ഷം ആരംഭിക്കും. കോഴിക്കോട്ട് നന്നങ്ങാടികള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ കൂടുതല്‍ പര്യവഷേണങ്ങള്‍ നടത്തും. സംസ്ഥാനത്തെ പുരാവസ്തു വകുപ്പിന്റെ ഉന്നമനത്തിനായി കേന്ദ്ര പുരാവസ്തുവകുപ്പിന് ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.












