ന്യൂഡല്‍ഹി: കേരളത്തില്‍ ഹിന്ദു-മുസ്ലീം മതനേതാക്കളെയും, ബി.ജെ.പി നേതാക്കളെയും വധിക്കാന്‍ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തല്‍. മുസ്ലീം പളളികള്‍ക്കു നേരേ ആക്രമണത്തിലൂടെ വന്‍കലാപങ്ങള്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റ് പദ്ധതിയിട്ടിരുന്നതായി എന്‍.ഐ.എ കസ്റ്റഡിയിലുളള കാസര്‍കോട് സ്വദേശി വെളിപ്പെടുത്തി.
ഇസ്ലാമിക് സ്റ്റേറ്റുമായുളള ബന്ധത്തേത്തുടര്‍ന്നാണ് കാസര്‍കോട് സ്വദേശിയായ മൊയ്നുദ്ദീന്‍ പാറക്കടവത്തിനെ ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തു വരുന്നത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും കേരളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് നടത്താന്‍ പദ്ധയിട്ടിരുന്ന ഭീകരാക്രമണങ്ങളേക്കുറിച്ചുളള ഞെട്ടിക്കുന്ന വിവരങ്ങളാണ് അന്വേഷണ ഏജന്‍സിക്കു കിട്ടിയിട്ടുള്ളത്.
ജമാ അത്തെ ഇസ്ലാമി, ഹിന്ദു നേതാക്കളെയായിരുന്നു ഇസ്ലാമിക് സ്റ്റേറ്റ് പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ രാഹുല്‍ ഈശ്വര്‍ പങ്കെടുത്തിരുന്ന പരിപാടിയിലേക്ക് ട്രക്ക് ഇടിച്ചു കയറ്റി ആക്രമണം നടത്തുന്നതിനും ഐ.എസ് പദ്ധതിയിട്ടിരുന്നതായും വിവരം ലഭിച്ചു.
ഭീകരാക്രമണ ഭീഷണിയേത്തുടര്‍ന്ന് ബി.ജെ.പി നേതാക്കളായ കുമ്മനം രാജശേഖരന്‍, കെ.സുരേന്ദ്രന്‍, പി.കെ കൃഷ്ണദാസ്, എം.ടി രമേശ് എന്നിവര്‍ക്ക് കഴിഞ്ഞ വര്‍ഷം വൈ കാറ്റഗറി സുരക്ഷ ശുപാര്‍ശ ചെയ്തിരുന്നു. രഹസ്യാന്വേഷണ ഏജന്‍സിയുടെ ശുപാര്‍ശയേത്തുടര്‍ന്നായിരുന്നു ഇവര്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നത്. അതേസമയം സംസ്ഥാനത്ത് തുടര്‍ന്നു വന്ന സി.പി.എം ആക്രമണപരമ്പരകളുടെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തകര്‍ക്കു ലഭിക്കാത്ത സുരക്ഷ തങ്ങള്‍ക്കും വേണ്ട എന്ന നിലപാടില്‍ വൈ കാറ്റഗറി സുരക്ഷ ഇവര്‍ ഒഴിവാക്കുകയായിരുന്നു. ഈ നേതാക്കളെ ഇസ്ലാമിക് സ്റ്റേറ്റ് ലക്ഷ്യം വച്ചിരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇതുസംബന്ധിച്ച് കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സി ശുപാര്‍ശ നല്‍കിയതെന്ന വസ്തുതയാണ് പുതിയ വെളിപ്പെടുത്തലിലൂടെ വ്യക്തമായിട്ടുണ്ട്
പ്രമുഖമത നേതാക്കളെക്കൂടാതെ മുസ്ലീം പളളികളെയും ഇസ്ലാമിക് സ്റ്റേറ്റ് ലക്ഷ്യമിട്ടിരുന്നതായി മൊയ്നുദ്ദീന്‍ അന്വേഷണ ഉദ്യോഗസ്ഥരോടു വെളിപ്പെടുത്തി. ടെഹ്റാന്‍ വഴി ഇസ്ലാമിക് സ്റ്റേറ്റിന്റെ ആസ്ഥാനത്തേക്ക് യാത്ര ചെയ്യും വഴി കേരളത്തില്‍ നിന്നും കാണാതായ ഡോ. ഇജാസ്, മര്‍വാന്‍, മന്‍സദ്, ഹഫീസുദ്ദീന്‍, പേരോര്‍മ്മയില്ലാത്ത മറ്റൊരാള്‍ എന്നിവരെ കണ്ടിരുന്നതായും മൊയ്നുദ്ദീന്‍ എന്‍.ഐ.എയോടു വെളിപ്പെടുത്തി.
അബുദാബിയില്‍ വച്ച് കഴിഞ്ഞ ഡിസംബറിലാണ് മൊയ്നുദ്ദീന്‍ അറസ്റ്റിലാകുന്നത്. തുടര്‍ന്ന് ഇയാളെ ദേശീയ അന്വേഷണ ഏജന്‍സിക്കു കൈമാറി ചോദ്യം ചെയ്തുവരികയായിരുന്നു.
Discussion about this post