തിരുവനന്തപുരം: ഗതാഗതമന്ത്രിസ്ഥാനമൊഴിഞ്ഞ എ.കെ. ശശീന്ദ്രനെതിരേ ഉയര്‍ന്ന ആരോപണത്തില്‍ സര്‍ക്കാര്‍ ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ചു. കേസ് ആര് അന്വേഷിക്കണമെന്നതു സംബന്ധിച്ച് നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഗൂഢാലോചന ഉള്‍പ്പെടെ അന്വേഷണപരിധിയില്‍ വരുന്ന വിഷയങ്ങള്‍ മന്ത്രിസഭ തീരുമാനിക്കും.
ആരോപണത്തില്‍ കഴമ്പുണ്ടോ എന്നു പരിശോധിച്ചതിനുശേഷം മാത്രം രാജിക്കാര്യത്തില്‍ ശശീന്ദ്രന്‍ നിലപാട് സ്വീകരിച്ചാല്‍ മതിയായിരുന്നു എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ശശീന്ദ്രന്‍ നല്‍കിയ രാജിക്കത്ത് ഗവര്‍ണര്‍ക്കു കൈമാറിയിരുന്നു. കഴിഞ്ഞ ദിവസംതന്നെ അദ്ദേഹം അതു സ്വീകരിക്കുകയും ചെയ്തു. ഉന്നയിക്കപ്പെട്ട ആക്ഷേപം ശരിവച്ചുകൊണ്ടോ കുറ്റം സമ്മതിച്ചുകൊണ്ടോ അല്ല ശശീന്ദ്രന്‍ രാജിവച്ചത്. ഇത്തരമൊരു പ്രശ്‌നം ഉയര്‍ന്നുവന്നപ്പോള്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട ശശീന്ദ്രന്‍, അന്വേഷണം നടക്കുന്ന ഘട്ടത്തില്‍ താന്‍ മന്ത്രിയായി ഇരിക്കുന്നതു ശരിയല്ലെന്ന ധാര്‍മിക നിലപാടും സ്വീകരിച്ചു.
എന്നാല്‍, ഇതിനു? പിന്നിലുള്ള രണ്ടു വശങ്ങള്‍ കാണാതെപോകരുത്. ഒരു പ്രശ്‌നം ഉയര്‍ന്നുവരുമ്പോള്‍ പ്രാഥമികാന്വേഷണം പോലും നടത്താതെ രാജിവയ്ക്കുമ്പോള്‍, ആരോപണങ്ങളില്‍ കഴമ്പില്ലെങ്കില്‍ സാധാരണ നിലയ്ക്ക് ആ ആരോപണങ്ങള്‍ ഉയര്‍ത്തുന്നവര്‍ക്ക് അതു പ്രോത്സാഹനമാവും. പ്രാഥമികമായ പരിശോധനകള്‍ക്കു ശേഷമാണു സാധാരണ നിലയില്‍ ഇത്തരമൊരു നിലപാടു സ്വീകരിക്കേണ്ടത്.
എന്നാല്‍, ശശീന്ദ്രന്‍ ഇതാണു തന്റെ ധാര്‍മിക നിലപാട് എന്നതില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. പൊതുസമൂഹവും അദ്ദേഹത്തിന്റെ ധാര്‍മിക നിലപാടിനെ സ്വാഗതം ചെയ്തു എന്നതാണു മനസിലാക്കുന്നത്. ഉയര്‍ന്നിട്ടുള്ള ആരോപണത്തില്‍ ഏത് അന്വേഷണവും തീരുമാനിക്കാമെന്നാണ് അദ്ദേഹം തന്നോടു പറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജുഡീഷല്‍ അന്വേഷണത്തിനു സിറ്റിംഗ് ജഡ്ജിയെ ചുമതലപ്പെടുത്തുമോയെന്ന ചോദ്യത്തിന്, നമുക്കു മുന്നില്‍ അനുഭവം കുറെയുണ്ടല്ലോ എന്നായിരുന്നു പിണറായി വിജയന്റെ മറുപടി. അതിനുവേണ്ടി കുറേക്കാലം കളയാമെന്നേയുള്ളൂ. സാധാരണ ഗതിയില്‍ സമ്മര്‍ദം ചെലുത്തിയിട്ടും പല? കേസിലും സിറ്റിംഗ് ജഡ്ജിയെ കിട്ടിയിട്ടില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
പുതിയ ഗതാഗതമന്ത്രി ഉണ്ടാവുമോയെന്ന ചോദ്യത്തിന് തീരുമാനമുണ്ടാവുമ്പോള്‍ അറിയിക്കാമെന്നായിരുന്നു മറുപടി. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കളുടെ ഫോണുകള്‍ ചോര്‍ത്തുന്നുവെന്ന ആരോപണം ചൂണ്ടിക്കാട്ടിയപ്പോള്‍, നിയമാനുസൃതമല്ലാതെ ഫോണ്‍ ചോര്‍ത്തുന്നതു നിയമവിരുദ്ധ നടപടിയാണെന്നും അക്കാര്യം പ്രത്യേകം പരിശോധിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post