തൃശൂര്‍: പൂരത്തോടനുബന്ധിച്ച് സ്വരാജ് റൗണ്ടില്‍ അഗ്‌നി സുരക്ഷ ഉറപ്പാക്കുന്നതിന് റോഡിന് സമീപം ഗ്രൗണ്ടില്‍ 45 മീറ്റര്‍ അകലത്തില്‍ വാട്ടര്‍ ഹൈഡ്രന്റ് സ്ഥാപിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.എ.കൗശിഗന്‍ അറിയിച്ചു.
7 കിലോഗ്രാം മര്‍ദ്ദത്തില്‍ വെളളം തെറിപ്പിക്കുന്നതിന് ശക്തിയുളള 10 മില്ലിമീറ്റര്‍ വലുപ്പമുളള കാര്‍ബര്‍ സ്റ്റീല്‍ പൈപ്പ് ഒരു മീറ്റര്‍ ആഴത്തില്‍ സ്ഥാപിക്കുന്ന ജോലി അടുത്ത ആഴ്ച തുടങ്ങും. കൃഷി മന്ത്രി വി.എസ്.സുനില്‍കുമാറിന്റെ എം.എല്‍.എ ഫണ്ടില്‍ നിന്ന് ഇതിന് പണം നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് കളക്ടര്‍ പറഞ്ഞു. ജല അതോറിറ്റിയുടെ വെളളം അടിയന്തിര ഘട്ടത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന വിധമായിരിക്കും സംവിധാനം ഒരുക്കുക. 8.5 ലക്ഷം ലിറ്റര്‍ കുടിവെളളം സംഭരിക്കുന്ന 4 സംഭരണികളാണ് സ്വരാജ് ഗ്രൗണ്ടില്‍ ഇപ്പോള്‍ ഉളളത്. 1.5 ലക്ഷം ലിറ്റര്‍ വെളളം വടക്കേച്ചിറയില്‍ നിന്ന് മറ്റൊരു സംഭരണിയില്‍ ശേഖരിച്ചാണ് ഗ്രൗണ്ടില്‍ ചെടികള്‍ നനയ്ക്കുന്നത്. ഭാവിയില്‍ ജലഅതോറിറ്റിയുടെ വെളളത്തെ ആശ്രയിക്കാതെ നഗരത്തിലെ ഓടകളിലൂടെ ഒഴുകുന്ന മലിനജലം ഭുഗര്‍ഭ സംഭരണിയില്‍ ശേഖരിച്ച് അഗ്‌നി ശമനസേനയ്ക്ക് അത്യാഹിത സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തില്‍ രൂപകല്പന ചെയ്തായിരിക്കും വാട്ടര്‍ വാട്ടര്‍ ഹൈഡ്രന്റ് സ്ഥാപിക്കുമെന്നതെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ സാങ്കേതിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ജില്ലാ കളക്ടര്‍ ഡോ.എ.കൗശിഗന്റെ നേതൃത്വത്തില്‍ എ.ഡി.എം സി.കെ.അനന്തകൃഷ്ണന്‍, എ.സി.പി മാരായ എം.കെ.ഗോപാലകൃഷ്ണന്‍ പി.വാഹിദ്, ജല അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.വി.പൗളി, ബി.പി.സില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി മാനേജര്‍ എ.വി.നൈസു, ഡിസൈന്‍സ് അസിസ്റ്റന്റ് മാനേജര്‍ ദീപക് റാവു എന്നിവര്‍ സംഘം സന്ദര്‍ശിച്ച് പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.
Discussion about this post