തൃശ്ശൂര്‍: തൃശൂര്‍ പൂരത്തിന് തുടക്കം കുറിച്ച് തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളില്‍ കൊടിയേറി. എന്നാല്‍ പരമ്പരാഗത വെടിക്കെട്ടിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് കൊടിയേറ്റത്തെ തുടര്‍ന്നുള്ള ആഘോഷങ്ങള്‍ ഒഴിവാക്കി പാറമേക്കാവ് വിഭാഗം പ്രതിഷേധം പരസ്യമാക്കി.
ഉച്ചയ്ക്ക് 11.30ഓടെ പാരമ്പര്യാവകാശികളായ താഴത്തുപുരക്കല്‍ സുന്ദരനും സുഷിത്തും തയ്യാറാക്കിയ കൊടിമരത്തില്‍ സപ്തവര്‍ണ്ണത്തിലുള്ള കൊടിക്കൂറ തിരുവമ്പാടി ക്ഷേത്രത്തിലുയര്‍ന്നു.
ഇതേസമയം പാറമേക്കാവിലും കൊടിയേറ്റം നടന്നു. പീത വര്‍ണ്ണത്തിലുള്ള കൊടിയില്‍ സിംഹ മുദ്ര ആലേഖനം ചെയ്ത കൊടിക്കൂറയാണ് ദേശക്കാര്‍ ചേര്‍ന്ന് ക്ഷേത്രത്തിലുയര്‍ത്തിയത്.
കൊടിയേറ്റത്തിന് ശേഷം അഞ്ച് ആനയെ ഉപയോഗിച്ചുള്ള എഴുന്നെള്ളിപ്പ് നടക്കാറുണ്ട്. ഇത് ഒരാന പുറത്താക്കിയും പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തിലെ മേളവും പാറമേക്കാവ് വിഭാഗം ഉപേക്ഷിച്ചു. ഗുണ്ട്, അമിട്ട് അടക്കമുള്ള പരമ്പരാഗത വെടിക്കോപ്പുകള്‍ക്ക് അനുമതി ലഭിക്കാത്തതിലാണ് ആഘോഷങ്ങള്‍ ഒഴിവാക്കിക്കൊണ്ട് പ്രതിഷേധിച്ചത് .
തിരുവമ്പാടിക്കും പാറമേക്കാവിനുമൊപ്പം 8 ഘടക ദേശങ്ങളിലും ഇതേസമയം തന്നെ കൊടിയേറ്റം നടന്നു.
Discussion about this post