ന്യൂഡല്‍ഹി: കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് സി.എസ്. കര്‍ണന് കോടതിയലക്ഷ്യത്തിനു സുപ്രീം കോടതി ആറു മാസം തടവ് ശിക്ഷ വിധിച്ചു. ഇന്ത്യയില്‍ ആദ്യമായാണ് ഒരു ഹൈക്കോടതി ജഡ്ജിക്കെതിരേ സുപ്രീം കോടതി തടവു ശിക്ഷ വിധിക്കുന്നത്. ചീഫ് ജസ്റ്റീസ് ജെ.എസ്. ഖേഹാര്‍ അധ്യക്ഷനായ ബെഞ്ചാണ് കര്‍ണനെതിരായ കോടതിയലക്ഷ്യ കേസ് പരിഗണിച്ചത്. കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റീസിനെ അറസ്റ്റ് ചെയ്യാന്‍ ജസ്റ്റീസ് കര്‍ണന്‍ ഉത്തരവിട്ടതിനു പിന്നാലെയാണ് സുപ്രീം കോടതി നടപടിയെടുത്തിരിക്കുന്നത്.
ജസ്റ്റീസ് കര്‍ണനെ ഉടന്‍ ജയിലിലടയ്ക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ജഡ്ജിയായതിനാല്‍ ശിക്ഷാ വിധിയില്‍നിന്നു കര്‍ണനെ മാറ്റിനിര്‍ത്താന്‍ കഴിയില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഈ വിധിയുമായി ബന്ധപ്പെട്ട് കര്‍ണന്റെ പ്രസ്താവനകള്‍ പ്രസിദ്ധീകരിക്കുന്നതിന് സുപ്രീം കോടതി മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു.
ചീഫ് ജസ്റ്റീസ് ജെ.എസ്. ഖേഹറിനെയും സുപ്രീംകോടതിയിലെ ഏഴു ജഡ്ജിമാരെയും അഞ്ചു വര്‍ഷത്തെ കഠിന തടവിനു ജസ്റ്റീസ് കര്‍ണന്‍ കഴിഞ്ഞ ദിവസം ശിക്ഷിച്ചിരുന്നു. എസ്‌സി/എസ്ടി ആക്ട് പ്രകാരം ജാതിവിവേചനം നടത്തിയെന്നും ന്യായാധിപനെന്ന തന്റെ സ്ഥാനത്തെ മാനിക്കാതെ ദളിതനായ തന്നെ അവഹേളിച്ചെന്നും ജസ്റ്റീസ് കര്‍ണന്‍ പുറപ്പെടുവിച്ച വിധിന്യായത്തില്‍ വ്യക്തമാക്കിയിരുന്നു.
കോടതിയലക്ഷ്യ നടപടികളുടെ ഭാഗമായി ഫെബ്രുവരി എട്ടുമുതല്‍ ജസ്റ്റീസ് കര്‍ണനെ നിയമനിര്‍വഹണ- ഭരണ ചുമതലകളില്‍നിന്നു ചീഫ് ജസ്റ്റീസ് മാറ്റിനിര്‍ത്തിയിരിക്കുകയാണ്. ഇതിനിടെ, സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം മേയ് നാലിന് ജസ്റ്റീസ് കര്‍ണന്റെ മാനസികനില പരിശോധിക്കാന്‍ വിദഗ്ധരായ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം എത്തിയിരുന്നു . എന്നാല്‍ ഇവരെ പരിശോധിക്കാന്‍ കര്‍ണന്‍ അനുമതി നല്‍കിയില്ല.
മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റീസിനും വിരമിച്ച ജഡ്ജിമാര്‍ക്കുമെതിരേ അഴിമതി ആരോപിച്ചു ചീഫ് ജസ്റ്റീസ്, പ്രധാനമന്ത്രി, പ്രതിപക്ഷനേതാവ് എന്നിവര്‍ക്ക് കത്തയച്ചതാണു ജസ്റ്റീസ് കര്‍ണനെതിരേ കോടതിയലക്ഷ്യ നടപടികള്‍ക്ക് കാരണമായത്.
Discussion about this post