മനാമ: അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ബഹറിനില്‍ പ്രക്ഷോഭകാരികള്‍ക്കെതിരെ സര്‍ക്കാര്‍ സൈനിക നടപടി തുടങ്ങി. കഴിഞ്ഞ ദിവസം സൌദി അറേബ്യയില്‍ നിന്നും യു.എ.ഇയില്‍ നിന്നുമുള്ള സൈനികര്‍ ബഹറിന്‍ തലസ്ഥാനമായ മനാമയില്‍ എത്തിയിരുന്നു.
മനാമയില്‍ തടിച്ചുകൂടിയിട്ടുള്ള പ്രക്ഷോഭകാരികളെ പിരിച്ചുവിടാനുള്ള സൈനിക നടപടിയാണ് ഇപ്പോള്‍ തുടങ്ങിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ബഹ്‌റിനില്‍ കഴിഞ്ഞദിവസം സര്‍ക്കാര്‍ മൂന്നു മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ജനങ്ങള്‍ വീടുകളില്‍ തന്നെയാണ് കഴിയുന്നത്. രാജ്യത്തെ പ്രമുഖ മൊബൈല്‍ ഫോണ്‍ കമ്പനികള്‍ പ്രവര്‍ത്തന രഹിതമായതോടെ ജനങ്ങള്‍ പരസ്പരം ബന്ധപ്പെടാനാവാതെ വലയുകയാണ്.
മനാമ ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ കടകള്‍ തുറന്നിട്ട് ആഴ്ചകളായി. അതിനാല്‍ വീടുകളില്‍ കഴിയുന്ന വിദേശികള്‍ക്ക് അവശ്യസാധനങ്ങള്‍ക്ക് ബുദ്ധിമുട്ടും അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം ഒരു പാക്കിസ്ഥാന്‍ പൌരന്‍ പ്രക്ഷോഭകാരികളുടെ ആക്രമണത്തില്‍ മരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പലയിടങ്ങളിലും പാക്കിസ്ഥാന്‍, ബംഗ്ലാദേശ് സ്വദേശികള്‍ സംഘം ചേര്‍ന്നിട്ടുണ്ട്.
പ്രക്ഷോഭകാരികള്‍ക്ക് നേരെ നടന്ന പോലീസ് വെടിവയ്പ്പില്‍ ഒരു മലയാളി കൊല്ലപ്പെട്ടു. ബഹ്‌റൈനിലെ അബാദ് ഡയറിയിലെ ജീവനക്കാരനായ പത്തനംതിട്ട സ്വദേശി സ്റ്റീഫന്‍ ഏബ്രഹാം ആണ് മരിച്ചത്.
ബഹ്‌റിനിലെ പ്രശ്‌നബാധിത മേഖലകളിലൊന്നായ ബുദയ്യയില്‍ വച്ചാണ് സ്റ്റീഫന് വെടിയേറ്റത്. അല്‍ മേയ്ഡ് സെക്യൂരിറ്റി കമ്പനിയുടെ കീഴിലായിരുന്നു സ്റ്റീഫന്‍ ജോലി ചെയ്തിരുന്നത്. പ്രക്ഷോഭകാരികള്‍ പ്രകടനം നടത്തിയ സ്ഥലത്ത് കാഴ്ചക്കാരനായി നില്‍ക്കുമ്പോഴാണ് സ്റ്റീഫന് വെടിയേറ്റത്.
Discussion about this post