കോട്ടയം: നൂറ്റിഅന്‍പതോളം രാജ്യങ്ങളെ ബാധിച്ച സൈബര്‍ ആക്രമണമായ റാന്‍സംവേര്‍ കേരളത്തിലുമെത്തി. വയനാട്, പത്തനംതിട്ട ജില്ലകളിലാണ് സൈബര്‍ ആക്രമണം നടന്നത്. വയനാട്ടിലെ തരിയോട് പഞ്ചായത്ത് ഓഫീസിലെയും കോന്നി അരുവാപ്പുലം പഞ്ചായത്ത് ഓഫീസിലെയും കമ്പ്യൂട്ടറുകളാണ് റാന്‍സംവേര്‍ ആക്രമണം നടന്നിരിക്കുന്നത്.
വയനാട്ടിലെ തരിയോട് പഞ്ചായത്ത് ഓഫീസിലെ നാല് വിന്‍ഡോസ് കന്പ്യൂട്ടറുകളാണ് തിങ്കളാഴ്ച രാവിലെ മുതല്‍ പ്രവര്‍ത്തനരഹിതമായത്. വെള്ളിയാഴ്ച ഷട്ട് ഡൗണ്‍ ചെയ്തുപോയ കന്പ്യൂട്ടറുകളാണ് ഇവയെന്ന് ഓഫീസ് അധികൃതര്‍ വ്യക്തമാക്കി.
രാവിലെ കമ്പ്യൂട്ടറുകള്‍ തുറന്നപ്പോഴാണ് മൈ ഡോക്യൂമെന്റ്സിലുള്ള ഫയലുകള്‍ തുറക്കാന്‍ കഴിയാതെ വന്നത്. മൂന്നുദിവസത്തിനകം തുകയടച്ചില്ലെങ്കില്‍ ഫയലുകള്‍ ഡിലീറ്റ് ചെയ്യുമെന്ന് അറിയിപ്പാണ് സ്ക്രീനില്‍ തെളിയുന്നത്. കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യത്തെ സംഭവമാണിത്. സൈബര്‍ വിദഗ്ധര്‍ 10 മണിയോടെ തന്നെ ഓഫീസിലെത്തി കമ്പ്യൂട്ടറുകള്‍ പരിശോധിച്ചുവരികയാണ്. എന്നാല്‍ വെള്ളിയാഴ്ച ഇത്തരം പ്രശ്നങ്ങളൊന്നും കന്പ്യൂട്ടറില് ഉണ്ടായിരുന്നില്ലെന്നാണ് ഓഫീസിലെ ടെക്നിക്കല്‍ അസിസ്റ്റന്റ് പറയുന്നത്. പ്രധാനപ്പെട്ട ഫയലുകളാണ് തുറക്കാന്‍ കഴിയാതായിരിക്കുന്നത്.
കോന്നി അരുവാപ്പുലം പഞ്ചായത്തില്‍ കന്പ്യൂട്ടറുകളും തിങ്കളാഴ്ച രാവിലെ മുതലാണ് പ്രവര്‍ത്തനരഹിതമായിരിക്കുന്നത്. ഇവിടെനിന്നു ഹാക്കര്‍മാര്‍ ആവശ്യപ്പെടുന്നത് 300 ഡോളറാണ്. പണം ലഭിച്ചില്ലെങ്കില്‍ കമ്പ്യൂട്ടറിലെ മുഴുവന്‍ ഫയലുകളും നശിപ്പിക്കുമെന്നും ഹാക്കര്‍മാര്‍ ഭീഷണി സന്ദേശം അയച്ചതായി അധികൃതര്‍ അറിയിച്ചു.
റാന്‍സംവേര്‍ സൈബര്‍ അക്രമണം കൂടുതല്‍ രാജ്യങ്ങളില്‍ വ്യാപിക്കുമെന്ന് നേരത്തെ തന്നെ മുന്നറിയിപ്പുണ്ടായിരുന്നു. ഒരു ലക്ഷം സ്ഥാപനങ്ങളെയാണ് നിലവില്‍ ബാധിച്ചിരിക്കുന്നത്. സ്വയം വ്യാപിക്കാന്‍ ശേഷിയുള്ളതാണിവ. കന്പ്യൂട്ടര് എമര്‍ജന്‍സി റെസ്പോണ്‍സ് ടീം ഓഫ് ഇന്ത്യ രാജ്യത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബാങ്കുകള്‍, ഓഹരി വിപണികള്‍, ടെലികോം കന്പനികള്‍, വിമാനത്താവളങ്ങള്‍ എന്നിവയ്ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post