തിരുവനന്തപുരം: കുടുംബശ്രീ മാതൃക ആസാമിലെ 51 ഗ്രാമപഞ്ചായത്തുകളിലേക്കു കൂടി വ്യാപിപ്പിക്കാന്‍ തീരുമാനമായി. ഇതു സംബന്ധിച്ച ധാരണാപത്രം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീലിന്റെ സാന്നിധ്യത്തില്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ ആസാം സ്റ്റേറ്റ് റൂറല്‍ ലൈവ്‌ലിഹുഡ് മിഷന്‍ ചീഫ് ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍ ദിഗന്ത ഗൊഗോയ്, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ അജിത് നര്‍സാരി എന്നിവര്‍ ഒപ്പു വച്ചു.
ആസാമിലെ നാഗോണ്‍ സോണിറ്റ്പുര്‍ ജില്ലകളിലെ 51 ഗ്രാമപഞ്ചായത്തുകളിലാണ് കുടുംബശ്രീ മാതൃക വ്യാപിപ്പിക്കുന്നത്. 2014 മുതല്‍ ആസാമിലെ മോറിഗോണ്‍ ജില്ലകളിലെ ലാഹരിഘട്ട്, ബാജിയഗോണ്‍ ബ്ലോക്കുകളിലെ 36 പഞ്ചായത്തുകളില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടത്തുന്ന ദാരിദ്ര്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളുടെ വിജയത്തെ തുടര്‍ന്നാണ് കൂടുതല്‍ പഞ്ചായത്തുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്. ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ ഭാഗമായി ആസാമിലും സ്ത്രീകളുടെ സ്വയംസഹായ ഗ്രൂപ്പുകളുടെ രൂപീകരണവും ഉപജീവന പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുകയുമാണ് കുടുംബശ്രീ ചെയ്യുന്നത്. നിലവില്‍ 13 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും കുടുംബശ്രീ മാതൃക വിജയകരമായി നടപ്പാക്കുന്നുണ്ട്.
Discussion about this post