ന്യൂഡല്‍ഹി: ഭീകരവാദം സമൂഹത്തിന് കനത്ത ഭീഷണിയാണെന്നും, ഭീകരവാദത്തിനെതിരെ ഒറ്റക്കെട്ടായി നേരിടേണ്ടിയിരിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഷാങ്ഹായി സഹകരണ ഉച്ച കോടിയിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. ഉച്ചകോടിയ്ക്കിടെ പ്രധാനമന്ത്രി ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങുമായി കൂടിക്കാഴ്ച്ച നടത്തി.
രണ്ട് ദിവസത്തെ ഷാങ്ഹായ് സഹകരണ ഉച്ച കോടിയില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഖസാക്കിസ്ഥാനിലെത്തിയത്. ഷാങ് ഹായ് സഹകരണ കോര്‍പ്പറേഷനില്‍ ഇന്ത്യയ്ക്കും പാകിസ്ഥാനും സ്ഥിര അഗംത്വം ലഭിച്ചു. ഇതുവരെ ഇരു രാജ്യങ്ങള്‍ക്കും നിരീക്ഷണ ചുമതലമാത്രമാണ് ഉണ്ടായത്.
അതേസമയം ഭീകരവാദം മാനവരാശിയ്ക്ക് തന്നെ ഭീഷണിയാണെന്നും ഭീകരവാദത്തിനെതിരെ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് പ്രധാനമന്ത്രി ഉച്ചകോടിയില്‍ വ്യക്തമാക്കി.
ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തി. കൂടികാഴ്ച്ചയില്‍ ഇരുരാജ്യങ്ങളിലെയും നയതന്ത്ര വിദഗ്ദരും പങ്കെടുത്തു. ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച കാര്യങ്ങള്‍ കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ച ചെയ്തു.
ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ഇന്ത്യയുടെ ആവശ്യം നേരത്തെ ചൈന നിരസിച്ചിരുന്നു. ഇത് സംബന്ധിച്ച് ഇരു നേതാക്കളും ചര്‍ച്ച നടത്തി.
ഇന്ത്യയുടെ എന്‍എസ്ജി അംഗത്വത്തിന് ചൈന പിന്‍തുണയ്ക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. നേരത്തെ എന്‍ എസ് ജി അംഗത്വത്തിന് ചൈന വിയോജിപ്പ് അറിയിച്ചതിനെ തുടര്‍ന്ന് ചൈനയുടെ വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയ്ക്ക് ഇന്ത്യയും വിയോജിപ്പ് അറിയിച്ചിരുന്നു ഇത് സംബന്ധിച്ച നിര്‍ണായകമായ ചര്‍ച്ച കൂടികാഴ്ച്ചയില്‍ നടന്നു.
അതൊടൊപ്പം പാക് അധീന കശ്മീരിലൂടെയുള്ള ചൈനയുടെ സാമ്പത്തിക ഇടനാഴി സംബന്ധിച്ച കാര്യങ്ങളും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.
Discussion about this post