തിരുവനന്തപുരം: ഭിന്നശേഷി വിഭാഗങ്ങളുടെ ശാരീരിക, മാനസിക ശേഷി ഉയര്‍ത്തി സമൂഹത്തിന്റെ ഉന്നതിയിലെത്തിക്കണമെന്നും സംസ്ഥാന സര്‍ക്കാരിന്റെ അനുയാത്ര പദ്ധതി ഈ ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലുള്ളതാണെന്നും ഉപരാഷ്ട്രപതി എം. ഹാമിദ് അന്‍സാരി പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്കായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച അനുയാത്ര പദ്ധതിയുടെ നിര്‍വഹണോദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ശാരീരികവും ബൗദ്ധികവുമായ വൈകല്യങ്ങള്‍ക്ക് സാമൂഹ്യ സാഹചര്യങ്ങള്‍ക്കനുസരിച്ച് വ്യതിയാനമുണ്ടാവും. അതിനാല്‍ സാമൂഹ്യ പങ്കാളിത്തത്തോടെ ഇത്തരക്കാരുടെ ആവശ്യങ്ങളെ ലക്ഷ്യമിട്ടുള്ള പുനരവധിവാസ പദ്ധതികളാണ് ആവശ്യം. പൊതുവിദ്യാഭ്യാസരംഗത്ത് കേരളം പുലര്‍ത്തുന്ന പുരോഗമനപരവും നൂതനവുമായ സമീപനം പ്രസിദ്ധമാണ്. അതിന്റെ ഒരു വശം ഭിന്നശേഷിയുള്ള കുട്ടികളുടെ വിദ്യാഭ്യാസമാണ്. നയപരമായി പ്രധാന പരിഗണന നല്‍കേണ്ട ഒരു വിഷയമായി ഭിന്നശേഷി മാറിയിട്ടുണ്ട്. വൈകല്യങ്ങളെ പ്രതിരോധിക്കുന്നതില്‍ തുടങ്ങി സാമ്പത്തിക ശാക്തീകരണവും സുസ്ഥിരമായ സ്വാശ്രയശീലം വളര്‍ത്തുന്നതുള്‍പ്പെടെ 20ലധികം ഇടപെടലുകളിലൂടെ പുനരധിവാസം സാധ്യമാക്കുകയാണ് അനുയാത്രയുടെ ലക്ഷ്യം. ഭിന്നശേഷിക്കാരായ കുട്ടികള്‍ തന്നെയാണ് നൂതനവും അഭിമാനാര്‍ഹവുമായ പദ്ധതിയുടെ പ്രതിപുരുഷന്‍മാരാകാന്‍ അനുയോജ്യര്‍. ശ്രദ്ധയും പ്രോത്‌സാഹനവും നല്‍കിയാല്‍ ഇവര്‍ വന്‍നേട്ടങ്ങള്‍ കൊയ്യുമെന്നതില്‍ സംശയമില്ല. ഏറെ സവിശേഷതകളുള്ള ഈ കുട്ടികള്‍ മനുഷ്യ ചൈതന്യത്തിന്റെ ദൃഢനിശ്ചയവും വിജയവും പ്രദര്‍ശിപ്പിക്കുക മാത്രമല്ല മറ്റനേകം പേരെ തങ്ങളുടെ വെല്ലുവിളികള്‍ മറികടക്കാന്‍ പ്രചോദിപ്പിക്കുകയും ലക്ഷ്യവും സ്വപ്നങ്ങളും സാക്ഷാത്കരിക്കാന്‍ സഹായിക്കുകയും ചെയ്യുമെന്നും ഉറപ്പുണ്ട്.
വൈകല്യത്തിന്റെ ആഴത്തെക്കുറിച്ചുള്ള ഗവേഷണം, കൃത്യസമയത്തുള്ള ഇടപെടല്‍ തന്ത്രങ്ങള്‍, അവയുടെ നടപ്പാക്കല്‍ എന്നിവയെല്ലാം ഇപ്പോഴും നമ്മുടെ രാജ്യത്ത് പ്രാരംഭ ഘട്ടത്തിലാണ്. യു. എന്‍. സര്‍വേ പ്രകാരം രാജ്യത്ത് 19 വയസു വരെയുള്ള 1.67 ശതമാനം ജനങ്ങള്‍ പ്രത്യേക പരിഗണന വേണ്ടവരാണ്. മൊത്തം ജനസംഖ്യയില്‍ ഇങ്ങനെ പരിഗണന ആവശ്യമായതില്‍ 35.29 ശതമാനവും കുട്ടികളാണ്. സ്ഥാപനാടിസ്ഥാനത്തിലും ആവശ്യക്കാരുടെ അടുത്ത് എത്തിച്ചേര്‍ന്നും സാമൂഹികാടിസ്ഥാനത്തിലുമാണ് ഇത്തരക്കാരുടെ പുനരധിവാസം നടപ്പാക്കേണ്ടത്. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പിന്തുണയോടെ സാമൂഹികാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന പുനരധിവാസ പദ്ധതിയാണ് അനുയാത്രയെന്നും അദ്ദേഹം പറഞ്ഞു.
അനുയാത്ര പദ്ധതിയിലൂടെ കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയായിരിക്കുകയാണെന്ന് അദ്ധ്യക്ഷത വഹിച്ച ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. ഭിന്നശേഷിയുള്ള കുട്ടികളുടെ കഴിവുകള്‍ സ്‌കൂളുകളില്‍ വച്ചുതന്നെ കണ്ടെത്തി പരിപോഷിപ്പിക്കണം. എല്ലാ മേഖലകളിലും കേരളം ഭിന്നശേഷി സൗഹൃദമാണെന്ന് ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. മാജിക് അക്കാഡമിയുടെ നേതൃത്വത്തില്‍ പരിശീലനം ലഭിച്ച ഭിന്നശേഷിയുള്ള കുട്ടികള്‍ ചടങ്ങില്‍ മാജിക് അവതരിപ്പിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചര്‍, മേയര്‍ വി. കെ. പ്രശാന്ത്, വി. എസ്. ശിവകുമാര്‍ എം. എല്‍. എ, അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. എം. എബ്രഹാം, സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ഇന്‍ ചാര്‍ജ് റാണി ജോര്‍ജ്, എന്‍. എച്ച്. എം ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, സാമൂഹ്യനീതി ഡയറക്ടര്‍ ടി. വി. അനുപമ, സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍, മജീഷ്യന്‍ ഗോപിനാഥ് മുതുകാട് എന്നിവര്‍ സംബന്ധിച്ചു.
Discussion about this post