തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ മിനിമം വേതനം സംബന്ധിച്ച് ഈ മാസം 27ന് രാവിലെ 11 മണിക്ക് ലേബര്‍ കമ്മീഷണറേറ്റില്‍ ചേരുന്ന യോഗത്തില്‍ അന്തിമ രൂപം നല്‍കുമെന്ന് ലേബര്‍ കമ്മീഷണര്‍ കെ.ബിജു വ്യക്തമാക്കി. ഇതേ വിഷയത്തില്‍ ലേബര്‍ കമ്മീഷണറേറ്റില്‍ നടന്ന യോഗത്തിനു ശേഷം വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്റെ ചേംബറില്‍ നടത്തിയ ചര്‍ച്ചയിലാണ് വേതനം പുതുക്കി നിശ്ചയിക്കുന്നതിന് അന്തിമ രൂപം നല്‍കാന്‍ 27ന് വീണ്ടും യോഗം ചേരുന്നതിന് ധാരണയായത്.
മാനേജ്‌മെന്റും നഴ്‌സിംഗ് യൂണിയനുകളും തങ്ങളുടെ നിലപാട് 27ന് രേഖാമൂലം അറിയിക്കണം. മിനിമം വേതന അഡൈ്വസറി ബോര്‍ഡ് ഇത് പരിഗണിക്കുകയും ആക്ഷേപങ്ങള്‍ സ്വീകരിക്കുകയും ചെയ്യും. തുടര്‍ന്ന് ഇത് സര്‍ക്കാരിന്റെ അന്തിമ പരിഗണനയ്ക്ക് സമര്‍പ്പിക്കും. വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള അന്തിമരൂപം നല്‍കുന്ന ചര്‍ച്ചയ്ക്ക് മുന്നോടിയായി ഇരു വിഭാഗങ്ങളും നിലപാടുകളില്‍ വിട്ടുവീഴ്ചയ്ക്ക് തയാറാകണം. 27ന് വീണ്ടും ചര്‍ച്ച വച്ചിരിക്കുന്ന സാഹചര്യത്തില്‍ നഴ്‌സിംഗ് യൂണിയനുകള്‍ സംയുക്തമായി പ്രഖ്യാപിച്ചിരിക്കുന്ന സമരത്തില്‍ നിന്നും വിട്ടു നില്‍ക്കണമെന്നും കമ്മീഷണര്‍ സംഘടനാപ്രതിനിധികളോട് ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ സമവായ നീക്കങ്ങളില്‍ തൃപ്തി പ്രകടിപ്പിച്ച നഴ്‌സിംഗ് യൂണിയനുകള്‍ സര്‍ക്കാര്‍ മുന്നോട്ട് വച്ച കാര്യങ്ങള്‍ സംഘടനയില്‍ ചര്‍ച്ച ചെയ്യാമെന്ന് സമ്മതിച്ചു. മാനേജ്‌മെന്റ് പ്രതിനിധികളും സര്‍ക്കാരിന് പൂര്‍ണ സഹകരണം നല്‍കാമെന്ന് വാക്കു നല്‍കി. തൊഴില്‍ നിയമങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കാന്‍ വകുപ്പ് പ്രതിജ്ഞാബദ്ധമാണെന്ന് ലേബര്‍ കമ്മീഷണര്‍ അറിയിച്ചു. സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ തുളസീധരന്‍, തൊഴില്‍ വകുപ്പു പ്രതിനിധികള്‍ തുടങ്ങിയവരും സംബന്ധിച്ചു.
Discussion about this post