തിരുവനന്തപുരം: ഹരിത കേരളം പദ്ധതിയുടെ ഭാഗമായുള്ള മുറ്റത്ത് നിന്ന് ഒരുമുറം പച്ചക്കറിക്കായി മൂന്ന് ലക്ഷം പച്ചക്കറി വിത്ത് പാക്കറ്റുകള്‍ തയ്യാറായി. ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും വീട്ടമ്മമാര്‍ക്കുമായി ഒന്നര ലക്ഷം വീതം വിത്തുപാക്കറ്റുകള്‍ ഈ മാസം 30 ന് മുന്‍പ് വിതരണം ചെയ്യും. ഓണത്തിന് വീട്ടുമുറ്റത്ത് നിന്ന് വിളവെടുക്കത്തക്ക രീതിയിലാണ് പച്ചക്കറി വിത്തുകള്‍ സൗജന്യമായി വിതരണം ചെയ്യുന്നത്. വിത്തു പായ്ക്കറ്റുകള്‍ക്കൊപ്പം എങ്ങനെയാണ് കൃഷി ചെയ്യേണ്ടതെന്ന മാര്‍ഗ്ഗനിര്‍ദേശം ഉള്‍പ്പെടുന്ന ലഘുലേഖയും ഉണ്ടാകും. വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളില്‍ നിന്നും വീട്ടമ്മാര്‍ക്ക് കൃഷി ഭവനുകള്‍ വഴിയുമാണ് വിത്ത് പാക്കറ്റുകള്‍ വിതരണം ചെയ്യുന്നതെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ മിനി. കെ. രാജന്‍ അറിയിച്ചു. ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ തരിശായി കിടക്കുന്ന ഭൂമിയില്‍ അടിയന്തരമായി കൃഷി ചെയ്യും.
അനുയോജ്യമായിടത്ത് കരനെല്‍ക്കൃഷിയും മറ്റിടങ്ങളില്‍ പച്ചക്കറി കൃഷിയുമാണ് ഉദ്ദേശിക്കുന്നത്. തികച്ചും ശാസ്ത്രീയവും ജൈവകൃഷി രീതിയുമാണ് അവലംബിക്കുന്നതെന്നും സ്വന്തമായി കൃഷി ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് വേണ്ട പ്രോത്സാഹനവും സഹായവും വകുപ്പില്‍ നിന്ന് ലഭ്യമാക്കുന്നുണ്ടെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.
Discussion about this post