തിരുവനന്തപുരം: മികച്ച വ്യായാമമുറ എന്നതിനപ്പുറം ആരോഗ്യമുള്ള മനസും സൃഷ്ടിക്കാന്‍ സാധിക്കുമെന്നതിനാല്‍ യോഗ പ്രോത്‌സാഹിപ്പിക്കപ്പെടേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. യോഗ ദിനാചരണത്തിന്റെ ഭാഗമായി ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യമുള്ള ശരീരവും മനസും രൂപപ്പെടുത്താന്‍ സഹായിക്കുമെന്നതിനാലാണ് സ്‌കൂള്‍തലം മുതല്‍ യോഗ പ്രചരിപ്പിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സ്‌കൂള്‍കുട്ടികള്‍ യോഗ പരിശീലിച്ചാല്‍ ഭാവിയില്‍ അവര്‍ക്കത് നന്നായി ഉപയോഗപ്പെടും. യോഗാഭ്യാസത്തോടൊപ്പം ജീവിതചര്യയും കൃത്യതയോടെ പാലിക്കാനാകണം. ജീവിതശൈലി രോഗങ്ങള്‍ വര്‍ധിക്കുന്നതിന് തെറ്റായ ഭക്ഷണരീതിയും ഒരുതരം വ്യായാമവുമില്ലാത്തതും കാരണമാകുന്നുണ്ട്. ക്രമീകരിച്ച ഭക്ഷണരീതി യോഗയോടൊപ്പം സ്വീകരിക്കാന്‍ കഴിഞ്ഞാല്‍ ആരോഗ്യം നിലനിര്‍ത്താനാകും. യോഗ പരിശീലിക്കുന്നതിനൊപ്പം മാനവികത പുലര്‍ത്താന്‍ കഴിയുന്ന മനസ് സൃഷ്ടിക്കാന്‍ ശ്രമങ്ങളുണ്ടാകണം. യോഗ പരിശീലനത്തിനൊപ്പം ജീവിതം നല്ലരീതിയില്‍ മുന്നോട്ടുകൊണ്ടുപോകാനുള്ള ത്വര കുട്ടികളില്‍ സൃഷ്ടിക്കാനും പരിശീലകര്‍ക്കാകണമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രശസ്ത യോഗാചാര്യന്‍ ശ്രീ എം ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. യോഗ അസോസിയേഷന്‍ ഓഫ് കേരള പ്രസിഡന്റ് അഡ്വ. ബി. ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഒ. രാജഗോപാല്‍ എം.എല്‍.എ, കെ.ടി.ഡി.സി ചെയര്‍മാന്‍ എം. വിജയകുമാര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന്‍, മുന്‍മന്ത്രി കോടിയേരി ബാലകൃഷ്ണന്‍, ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആനാവൂര്‍ നാഗപ്പന്‍, പി. രാജേന്ദ്രകുമാര്‍, ഡോ. ഇ. രാജീവ് തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് യോഗ പ്രദര്‍ശനവും നടന്നു
Discussion about this post